Skip to main content
തിരുവനന്തപുരം

ആറന്മുള വിമാനത്താവളത്തിന്റെ പരിസ്ഥിതികാനുമതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന പരിസ്ഥിതി വകുപ്പിന്റെ കത്ത്. കെ.ജി.എസ് ഗ്രൂപ്പിനായി ഓഗസ്ത് 21-നാണ് പരിസ്ഥിതി സെക്രട്ടറി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനായി കത്തയച്ചത്. വിമാനത്താവളത്തിനായി നിലം നികത്താന്‍ ഇനിയും അനുവദിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സെക്രട്ടറി കത്തയച്ചിരിക്കുന്നത്.

 

2010 സെപ്റ്റംബര്‍ 2-ലെ മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് നെല്‍വയല്‍ സംരക്ഷണ നിയമത്തിന്‍റെ പരിധിയില്‍ നിന്നും വിമാനത്താവള കമ്പനിയായ കെ.ജി.എസ് ഗ്രൂപ്പിന് ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ഭൂപരിഷ്കരണനിയമം മറികടന്ന് കെ.ജി.എസ് ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന ഭൂമിയ്ക്കെതിരെ നടപടിയുണ്ടാകില്ലെന്നും കത്തില്‍ പറയുന്നു.

 

മാത്രമല്ല നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ വയലുകള്‍ നികത്തിയെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതി പരിസ്ഥിതിക്ക് മോശമാണെന്നും എന്നാല്‍ എല്ലാ വികസന പദ്ധതികളിലും ഉണ്ടാവുന്ന പ്രശ്നമാണിതെന്നും കത്തില്‍ പറയുന്നു. അതിനിടെ കത്ത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ രംഗത്തുവന്നിട്ടുണ്ട്.