പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവ് ചാടിയ റിപ്പര്‍ ജയാനന്ദന് പോലീസ് പിടിയില്‍. തൃശ്ശൂര്‍ ജില്ലയിലെ നെല്ലായിയില്‍ നിന്നാണ് ജയാനന്ദനെ തിങ്കളാഴ്ച പിടികൂടിയത്. രണ്ടു കൊലപാതകമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.
കഴിഞ്ഞ ജൂണിലാണ് ജയാനന്ദനും കൂട്ടാളിയായ പ്രകാശനും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തടവ് ചാടിയത്. വാർഡന്മാർ സെല്ലിൽ പരിശോധന നടത്താനെത്തിയപ്പോഴാണ് തടവുകാർ രക്ഷപ്പെട്ട വിവരം അറിഞ്ഞത്. സെല്ലിലെ പൂട്ട് ബ്ളേഡ് ഉപയോഗിച്ച് അറുത്തുമാറ്റിയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പ്രകാശന് ജൂണ്‍ 18-നു തന്നെ പോലീസ് പിടിയിലായിരുന്നു. എറണാകുളം പുത്തന്‍വേലിക്കരയില്‍ ദേവകിയെന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജയാനന്ദനെ കോടതി വധശിക്ഷക്ക് വിധിച്ചത്.
നേരത്തേ കണ്ണൂര്‍ ജയിലില്‍ കഴിയുന്ന സമയത്തും ജയാനന്ദന് ജയില്‍ ചാടിയിരുന്നു. പിന്നീട് പിടിയിലായ ഇയാള്‍ വിയ്യൂര്‍ ജയിലില്‍ നിന്നും തടവ് ചാടാന്‍ ശ്രമിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് പൂജപ്പുരയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്.