Skip to main content
തിരുവനന്തപുരം

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ച യു.എന്‍ അവാര്‍ഡ് വ്യക്തിപരമായി ഉപയോഗിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ അതൃപ്തി അറിയിച്ചു. യു.എന്‍.ഡി.പി കണ്‍സള്‍ട്ടന്‍റ് ഡോ. എസ്. ഫൈസിക്ക് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനു വേണ്ടി അണ്ടര്‍ സെക്രട്ടറി വു ഹോന്ഗ് ബോ ആണു ഇത് സംബന്ധിച്ച് കത്തയച്ചത്. യു.എന്‍ പുരസ്കാരം വ്യക്തിപരമായി ദുരുപയോഗം ചെയ്യുന്നു എന്ന് കാണിച്ചു ഫൈസി ഐക്യരാഷ്ട്ര സഭക്കയച്ച കത്തിനുള്ള വിശദീകരണമാണ് അണ്ടര്‍ സെക്രട്ടറി നല്‍കിയത്.

 

ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ചത്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കല്ല, അദ്ദേഹത്തിന്‍റെ ഓഫീസിനാണ്. ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ഒരു വ്യക്തിക്കു മാത്രം അവകാശപ്പെട്ടതല്ലെന്നും അണ്ടര്‍ സെക്രട്ടറി വു ഹോന്ഗ് ബോ കത്തില്‍ വ്യക്തമാക്കി. ഇനിയും ഇത്തരത്തിലുള്ള അവാര്‍ഡുകള്‍ നല്‍കുമ്പോള്‍ കൃത്യമായ നിരീക്ഷണം നടത്തുമെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

 

ലോകത്തുള്ള സര്‍ക്കാര്‍ മാതൃകകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തിന്റെ വികസനത്തിനായുള്ള പുരസ്കാരം രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചതുകൊണ്ടാണ് താന്‍ ഐക്യരാഷ്ട്ര സഭക്ക് കത്തയച്ചതെന്നു ഫൈസി പറഞ്ഞു. മുഖ്യമന്ത്രിക്കു അവാര്‍ഡ് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനു വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കുകയും ചെയ്തിരുന്നു.

Tags