Skip to main content
തിരുവനന്തപുരം

Pinarayi Vijayanവൈദ്യുതി മന്ത്രിയായിരിക്കെ എസ്.എൻ.സി ലാവലിന്‍ കമ്പനിക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അയച്ച കത്തില്‍ ദുരൂഹതയുണ്ടെന്നു തിരുവനന്തപുരം സി.ബി.ഐ കോടതി. എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എം.കെ ദാമോദരന്‍ വാദിച്ചു.

 

1997 ഏപ്രിലില്‍ അയച്ച കത്തില്‍ മലബാർ കാൻസർ സെന്ററിനുള്ള തുകയെപ്പറ്റി പരാമര്‍ശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വായ്പയ്ക്ക്‌ പലിശയിളവ്‌ ലഭിക്കാനുളള സാഹചര്യം പരിശോധിച്ചിരുന്നോ എന്ന കാര്യവും വ്യക്തമല്ല. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് ആഗോള ടെന്‍ഡര്‍ ക്ഷണിക്കാതെ കനേഡിയന്‍ കമ്പനിയെ മാത്രം ആശ്രയിച്ചത് എന്തിനാണെന്നും കോടതി ആരാഞ്ഞു.  കേസില്‍ ഏഴാം പ്രതിയായ പിണറായി വിജയന്റെ വിടുതൽ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

 

എന്നാല്‍, പിണറായിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കുകയാണ് കേസിന്റെ ലക്ഷ്യമെന്ന് സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് എം.കെ ദാമോദരന്‍ ആരോപിച്ചു.  വായ്പ ശരിയാക്കുന്നതിനാണ് പിണറായി കാനഡയില്‍ പോയതെന്നും അതിനാലാണ് സാങ്കേതിക വിദഗ്ധരെ യാത്രയില്‍ ഒഴിവാക്കിയതെന്നും അഭിഭാഷകന്‍ അറിയിച്ചു. 1996 മെയില്‍ പിണറായി വൈദ്യുതി മന്ത്രിയാകുന്നതിനു മുന്‍പ് ലാവലിന്‍ കമ്പനിയുമായി ധാരണയായിട്ടും 1992 മുതല്‍ 2004 വരെ നാലു വൈദ്യൂതി മന്ത്രിമാര്‍ ഉണ്ടായിട്ടും പിണറായിയെ മാത്രം പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അഭിഭാഷകന്‍ വിമര്‍ശിച്ചു.