Skip to main content
കൊച്ചി

ലാവലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകളുണ്ടെന്ന സത്യവാങ്മൂലം സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു.

 

ലാവലിന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടണമെന്ന വൈദ്യുത ബോര്‍ഡ്‌ സെക്രട്ടറിയുടെ നിര്‍ദേശം വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അവഗണിക്കുകയുമായിരുന്നെന്നു സി.ബി.ഐ സത്യവാങ്മൂലത്തില്‍ പറഞ്ഞു. മാത്രമല്ല സാങ്കേതിക പരിശോധനക്കായി കാനഡയിലെത്തിയ അദ്ദേഹത്തിനോടൊപ്പം സാങ്കേതിക വിദഗ്ധര്‍ ഉണ്ടായിരുന്നില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

 

കേസില്‍ പിണറായി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ സത്യവാങ്മൂലം സമര്‍പ്പിച്ചത്. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ലാവലിന്‍ കമ്പനിയേയും പ്രതിയേയും ഒഴിവാക്കി കുറ്റപത്രം വിഭജിച്ചിരുന്നു. പിന്നീട് പിണറായി വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. വഞ്ചന, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയവയാണ് പിണറായി വിജയന്റെ പേരില്‍ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍.