Skip to main content
കട്ടപ്പന

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ സമിതി രൂപീകരിക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീര്‍ അറിയിച്ചു. അച്ഛന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനമേറ്റ് കട്ടപ്പന സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിയെ വ്യാഴാഴ്ച രാവിലെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

 

കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്ററില്‍ തന്നെ തുടരുമെന്നും ആവശ്യമായ വിദഗ്ധ ചികിത്സകള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

വാര്‍ഡംഗം , പ്രദേശത്തെ സ്‌കൂള്‍ അധ്യാപകര്‍ , സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ , ഒരു പോലീസ് കോണ്‍സ്റ്റബിള്‍ എന്നിവരടങ്ങുന്നതായിരിക്കും ജാഗ്രതാ സമിതികളിലെ അംഗങ്ങള്‍. ഈ സമിതികള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്ന വീടുകള്‍ നിരീക്ഷണത്തില്‍ വയ്ക്കുകയും വേണ്ട സമയത്ത് ഇടപെട്ട് നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.