Skip to main content
തിരുവനന്തപുരം

കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ശനിയാഴ്ച കോഴിക്കോട് നടത്തിയ പ്രസംഗം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. മുസ്ലിം ലീഗുമായുള്ള കൂട്ടുകെട്ട് കോണ്‍ഗ്രസിന് ബാധ്യതയാകുമെന്ന സി.കെ ഗോവിന്ദന്‍ നായരുടെ പ്രസ്താവന ശരിയായെന്നാണ് മുന്‍ കെ.പി.സി.സി. അധ്യക്ഷനെ  അനുസ്മരിക്കുന്ന ചടങ്ങില്‍ ചെന്നിത്തല പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ജൂലൈ നാലിന് അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരാന്‍ ലീഗ് തീരുമാനിച്ചിട്ടുണ്ട്.

 

അതിനിടെ, കോണ്‍ഗ്രസിന്റെ ഭാഗത്ത്‌ നിന്ന്‍ അനുനയ ശ്രമങ്ങളും ഊര്‍ജിതമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേല്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുമായി ഫോണില്‍ സംസാരിച്ചു. ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ലീഗ് കടുത്ത നിലപാടുകളൊന്നും സ്വീകരിക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

എന്നാല്‍, രമേശിനൊപ്പം വേദിയില്‍ ലീഗിനെതിരെ സംസാരിച്ച കെ. മുരളീധരന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. മുന്നണി നിലനിര്‍ത്തേണ്ട ബാധ്യത കോണ്‍ഗ്രസിന് ഒറ്റക്ക് ഏറ്റെടുക്കാന്‍ ആവില്ലെന്ന് കെ. മുരളീധരന്‍ ഞായറാഴ്ച പറഞ്ഞു. യു.ഡിഎഫിനെ നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന മുസ്ലിം ലീഗ് നേതൃയോഗത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

 

കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശനിയാഴ്ച സംഘടിപ്പിച്ച സി.കെ ഗോവിന്ദന്‍ നായര്‍ അനുസ്മരണ സമ്മേളനത്തിലാണ് രമേശ്‌ ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, കെ. മുരളീധരന്‍ എന്നിവര്‍ ലീഗിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. വര്‍ഗീയ ശക്തികളും സാമുദായിക സംഘടനകളും തമ്മിലുള്ള ബന്ധത്തില്‍ ഒരു ലക്ഷ്മണരേഖ വേണം. അത് ലംഘിച്ചപ്പോഴെല്ലാം കോണ്‍ഗ്രസിന് പ്രശ്നമുണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പ്രസംഗത്തില്‍ പറഞ്ഞു. ചെന്നിത്തലയുടെ വാക്കുകളെ അഭിനന്ദിച്ച ആര്യാടന്‍ മുഹമ്മദ്‌ രമേശ്‌ ചെന്നിത്തല ഇന്നാണ് യഥാര്‍ത്ഥത്തില്‍ കെ.പി.സി.സി അധ്യക്ഷനായതെന്ന് വിശേഷിപ്പിച്ചു. ലീഗ് മുന്നണി വിട്ടുപോകുമെന്ന ഭീഷണി വെറുതെയാണെന്നും അവരെ എവിടേയും എടുക്കുകയുമില്ലെന്നായിരുന്നു മുരളീധരന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

 

മുസ്ലിം ലീഗിനെ വിമര്‍ശിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും സി.കെ. ഗോവിന്ദന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രമേശ്‌ ചെന്നിത്തല പിന്നീട് വിശദീകരിച്ചു.