Skip to main content

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബി. അശോകിനെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഐ.എ. എസ് ഉദ്യോഗസ്ഥന്‍ കൂടിയായ അശോക്‌ എഴുതിയ വിവാദ ലേഖനത്തെ തുടര്‍ന്നാണ് തീരുമാനം.

 

ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ചട്ടം ലംഘിച്ച വി.സിയെ നീക്കം ചെയ്യാന്‍ സർവകലാശാലയുടെ ചാൻസലറായ ഗവർണറോട് ശുപാര്‍ശ ചെയ്യുന്ന കുറിപ്പ് മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച തുടർനടപടികൾ കൈക്കൊള്ളാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  

 

കേരള കൌമുദി പത്രത്തില്‍ ഏപ്രില്‍ 24-നാണ് ‘മോഡി ശിവഗിരിയില്‍ വന്നാലെന്താ’ എന്ന തലക്കെട്ടോടു കൂടിയുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. 1984-ലെ സിഖ് കൂട്ടക്കൊലയും മാറാട് കൂട്ടക്കൊലയും പരാമര്‍ശിക്കുന്ന ലേഖനം ശിവഗിരി സന്ദര്‍ശിക്കാനുള്ള ക്ഷണം നിരസിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്യുന്നു.

 

സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി വി.സി സ്ഥാനത്തു നിന്ന് അശോകിനെ മുമ്പും ഒഴിവാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2012 ആഗസ്തില്‍ വീണ്ടും നിയമിക്കുകയായിരുന്നു.