തിരുവനന്തപുരം: കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് മുന്‍ മാനേജിംഗ് ഡയറക്ടര്‍മാരായ കെ.ജി മോഹന്‍ലാല്‍, ഗുണവര്‍ദ്ധന്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. 2006-08 കാലയളവില്‍ കോര്‍പ്പറേഷനില്‍ നടത്തിയ നിയമനങ്ങള്‍ അനധികൃതമാണെന്നാണ് ആരോപണം.
വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഇവര്‍ക്കെതിരെ അഴിമതി, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ ആണ് ആരോപിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇവര്‍ ഹൈക്കോടതി, സുപ്രീം കോടതി വിധികള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, കെ.ടി.ഡി.സി സര്‍വീസ് ചട്ടങ്ങള്‍ തുടങ്ങിയവ ലംഘിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.ടി.ഡി.സി നിയമനങ്ങള്‍ പി.എസ്.സിക്ക് വിടണമെന്നും വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
നിശ്ചിത യോഗ്യത ഇല്ലാത്ത വ്യക്തിയെ ഇലക്ട്രീഷ്യന്‍ ആയി നിയമിച്ചതും പ്രതികളില്‍ ഒരാളുടെ സ്വകാര്യ ഡ്രൈവറെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിച്ചതും ആണ് കേസിനാസ്പദമായ നിയമനങ്ങള്‍. 27 പേര്‍ അഞ്ചു വര്‍ഷത്തിലധികമായി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ കോര്‍പ്പറേഷനില്‍ തുടരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടരായ മോഹന്‍ലാലിനേയും വിവരാവകാശ കമ്മീഷണര്‍ ആയ ഗുണവര്‍ദ്ധനേയും കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.
