Skip to main content

രാജാക്കാട്: വിനോദയാത്രക്ക് വന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് ഇടുക്കി ജില്ലയില്‍ രാജാക്കാടിനടുത്ത് കൊക്കയിലേക്ക് മറിഞ്ഞു. ആറു വിദ്യാര്‍ഥികളും ബസ് ഡ്രൈവറും കൊല്ലപ്പെട്ടു. തിരുവനന്തപുരം വെള്ളനാട് സാരാഭായ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്.

 

അപകടത്തില്‍ പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. മൂന്നാറിലേക്ക് വിനോദയാത്ര വന്ന കോളേജിലെ  ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.  39 വിദ്യാര്‍ഥികളും രണ്ട് രക്ഷിതാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്.  

 

മരിച്ചവരില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശ്രീജേഷ്, എറണാകുളം സ്വദേശികളായ വിഘ്‌നേഷ്, ശരത്ചന്ദ്രന്‍, ഷൈജു, തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി ജിബിന്‍ എന്നിവരെ തിരിച്ചറിഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ രാജാക്കാട് സ്വകാര്യ ആശുപത്രിയിലെയും  മറ്റ് മൂന്നു പേരുടേത് അടിമാലി താലൂക്ക് ആശുപത്രിയിലെയും മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കോളേജ് അധികൃതരുടെ അറിവോടെയല്ല വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്ക് പോയതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.