തഴവാ കനകന്‍
ശാസ്താംകോട്ട: ശാസ്താംകോട്ട കായലില്‍ നിന്നും വീണ്ടും അപൂര്‍വ പാത്ര ശേഖരങ്ങള്‍ കണ്ടെത്തി. കഴിഞ്ഞദിവസം പാത്രങ്ങളുടെ ശേഖരം കണ്ടത്തിയതിനെ തുടര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ വകുപ്പു നടത്തിയ തെരച്ചിലിലാണ് നിരവധി ചെമ്പു പാത്രങ്ങളും ചെമ്പുനിര്‍മ്മിതമായ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റ് വസ്തുക്കളും കായലില്‍ നിന്ന്‍ കണ്ടെടുത്തത്.
പടിഞ്ഞാറെ കല്ലട വെങ്ങോലികടവിന് സമീപം ഞാറാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് നിരവധി കലങ്ങള്‍, പാത്രങ്ങള്‍, ചട്ടുകങ്ങള്‍, സര്‍പ്പരൂപം, വിളക്കുകള്‍ എന്നിവ ലഭിച്ചത്. പാത്രങ്ങളില്‍ മുതലയുടെ പടം കൊത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പ്രാചീന നാണയങ്ങളുടെ ശേഖരം കണ്ടെത്തിയതിനു പിന്നാലെയാണ് അതേസ്ഥലത്തുനിന്നും കൂടുതല്‍ വസ്തുക്കള്‍ കണ്ടെത്തിയത്.
ആര്‍ക്കിയോളജിസ്റ്റ് ഡോ: രാജേന്ദ്രന്‍, ഹക്കീം മാളകിയേക്കല്‍, സ്റ്റീഫന്‍ പുത്തേഴത്ത്, ചരിത്ര ഗവേഷകന്‍ ശാസ്താംകോട്ട രാമചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് കിട്ടിയ വസ്തുക്കള്‍ പരിശോധിച്ചു. കായലിന്റെ സമീപത്ത് പണ്ട് എങ്ങോ താമസിച്ചിരുന്ന സമ്പന്ന കുടുംബത്തിന്റേതാകാം ഈ ശേഖരങ്ങള്‍ എന്നാണ് ഇവരുടെ വിലയിരുത്തല്‍. കണ്ടെടുത്ത വസ്തുക്കള്‍ ശാസ്താംകോട്ട പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.