തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ച പരാജയം. തിങ്കളാഴ്ച വീണ്ടും യോഗം ചേരുമെന്നും സര്‍ക്കാറിന്റെ തീരുമാനം അന്ന്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ സമരം തുടരുമെന്ന് മുന്നണി നേതാക്കള്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ നിര്‍ത്തലാക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുമെന്ന്‍ യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ അടിയന്തര പരിഹാരത്തിന് ട്രൈബ്യൂണല്‍ രൂപീകരിക്കുക, സര്‍ക്കാറിന്റെ ആനുകൂല്യം ലഭിക്കുന്ന പട്ടികയില്‍ എല്ലാ ദുരിതബാധിതരെയും ഉള്‍പ്പെടുത്തുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കുക, കടബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ തിങ്കളാഴ്ച പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുന്നണിയുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എ. മോഹന്‍കുമാര്‍ നടത്തിവരുന്ന നിരാഹാരസമരം തുടരുമെന്ന് അവര്‍ അറിയിച്ചു. നില വഷളായതിനെ തുടര്‍ന്ന് മോഹന്‍ കുമാറിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രിയിലും നിരാഹാരം തുടരുകയാണ്.
യോഗത്തില്‍ പതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.പി. മോഹനന്‍, ഡോ. എം.കെ. മുനീര്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി നേതാക്കളായ കെ.ബി. മുഹമ്മദ്കുഞ്ഞ്, പി.വി.സുധീര്‍കുമാര്‍, വി.കെ. വിനയന്‍, രാധാകൃഷ്ണന്‍, കെ.സജീവ് എന്നിവരും പീഡിത മുന്നണി നേതാക്കളായ സുല്‍ഫത്ത്, മുനീഫ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ശോഭന എന്നിവരും പങ്കെടുത്തു.