Skip to main content

കൊച്ചി: കെ.എസ്.ആര്‍.ടി.സിക്ക് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന് ഹൈക്കോടതി. ഈ നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് ഭാവിയിലുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ (എ.ജി) നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ ഉത്തരവ്. സബ്സിഡി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ കെ.എസ്.ആര്‍.ടി.സിയാണ് ഹര്‍ജി നല്‍കിയത്.

 

കെ.എസ്.ആര്‍.ടി.സിക്ക് നല്‍കുന്ന ഡീസലിനുള്ള മൂല്യ വര്‍ധിത നികുതി(വാറ്റ്) ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമാണോ എന്ന് അറയിക്കണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ ഇടക്കാല ഉത്തരവിടുകയും അന്തിമ വിധി കെ.എസ്.ആര്‍.ടി.സിക്ക് എതിരാവുകയും ചെയ്താല്‍ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയാറാകുമോ എന്നും ഹൈക്കോടതി സര്‍ക്കാറിനോട് ആരാഞ്ഞിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചതോടെയാണ് സബ്സിഡി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

 

എന്നാല്‍  തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ നിരുപാധികമാണ് സബ്‌സിഡി നല്‍കിയതെന്ന് കെ എസ് ആര്‍ ടി സി ചൂണ്ടിക്കാട്ടി. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരേ വിഷയത്തില്‍ രണ്ട് സംസ്ഥാനത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും കെ. എസ്. ആര്‍. ടി. സി വാദിച്ചു.  
 

Tags