അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ വിദ്യാര്‍ത്ഥി സ്‌കൂളില്‍ നടത്തിയ വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിക്കോളസ് ക്രൂസ് എന്ന 19 കാരനാണ് ആക്രമണം നടത്തിയത്.
ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം മൂന്നു മണിയോടെ, ഫ്‌ളോറിഡയിലെ മജോരിറ്റി സ്‌റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളിലാണ് സംഭവം ഉണ്ടായത്. വെടിയേറ്റ് 12 പേര്‍ സ്‌കൂളിനകത്ത് തന്നെയും രണ്ടുപേര്‍ പുറത്തും ഒരാള്‍ സ്‌കൂള്‍ കോമ്പൗണ്ടിനും പുറത്തുമായാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ക്ക് ആശുപത്രിയില്‍ എത്തിച്ചശേഷമാണ് ജീവന്‍ നഷ്ടപ്പെടുന്നത്. മരിച്ചവരില്‍ വിദ്യാര്‍ത്ഥികളും സ്‌കൂളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുമുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ അഞ്ചുപേരുടെ നിലഗുരതരമാണ്.
വെടിവെപ്പിനുശേഷം ക്രൂസ് യാതൊരുവിധ ചെറുത്തുനില്‍പ്പും നടത്താതെ പൊലീസിനു കീഴടങ്ങിയെന്നും ഇയാളുടെ കൈവശം എആര്‍15 മോഡല്‍ തോക്കാണ് ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
