Skip to main content

salman khanകൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ബുധനാഴ്ച തള്ളി. സല്‍മാന്റെ അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് എസ്.ജെ മുഖോപാധ്യായ, എ.കെ ഗോയല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

 

വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിത മൃഗമായി പ്രഖ്യാപിച്ചിട്ടുള്ള കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ വിചാരണക്കോടതി സല്‍മാന്‍ ഖാനെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. മറ്റൊരു കേസില്‍ ചിങ്കാര മാനിനെ വേട്ടയാടിയതിന് ഒരു വര്‍ഷത്തേക്കും സല്‍മാനെ കോടതി ശിക്ഷിച്ചിരുന്നു. 1998 സെപ്തംബറില്‍ ആണ് സംഭവം നടന്നത്.

 

തൊഴില്‍ സംബന്ധമായി വിദേശത്തേക്ക് പോകാന്‍ 2007-ല്‍ സല്‍മാന്‍ നല്‍കിയ അപേക്ഷയില്‍ കേസിന്റെ അര്‍ഹത പരിഗണിക്കാതെ ശിക്ഷ സസ്പെന്‍ഡ് ചെയ്ത ഹൈക്കോടതിയുടെ നടപടിയെ കഴിഞ്ഞ നവംബര്‍ അഞ്ചിന് ഹര്‍ജി വിധി പറയാന്‍ മാറ്റിവെച്ചപ്പോള്‍ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാറാണ് സുപ്രീം കോടതിയെ സമീപിച്ചത്.

 

വിദേശത്തേക്ക് പോകേണ്ടത് ആവശ്യമാണെങ്കില്‍ സല്‍മാന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷ സസ്പെന്‍ഡ് ചെയ്യാതെ വിദേശത്തേക്ക് പോകാന്‍ കഴിയാതെ വരുകയും അപ്പീലില്‍ പിന്നീട് വെറുതെ വിടുകയും ചെയ്‌താല്‍ തനിക്ക് നികത്താനാകാത്ത നഷ്ടമുണ്ടാകുമെന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കോടതി സല്‍മാനോട്‌ ആവശ്യപ്പെട്ടു. അതേസമയം, അത്തരമൊരു സാഹചര്യത്തിലും പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാകില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാറിന് വാദിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.