2017-ലെ ധനബില്‍ ലോക്സഭ പാസാക്കി. രാജ്യസഭ നിര്‍ദ്ദേശിച്ച അഞ്ച് ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന അധിക അധികാരങ്ങള്‍ നിയന്ത്രിക്കാനും കമ്പനികളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാവുന്ന സംഭാവനയ്ക്ക് പരിധി ഏര്പ്പെടുത്തുന്നതുമായിരുന്നു ഈ ഭേദഗതികള്‍.
പണ നിയമങ്ങളില്‍ ലോക്സഭയുടെ തീരുമാനമാണ് അന്തിമമെന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. സാധാരണ ബില്ലുകളില്‍ രണ്ട് സഭകളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ സംയുക്ത സമ്മേളനം ആവശ്യമായി വരും.
ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ഭേദഗതികള്‍ സര്‍ക്കാറിന് സ്വീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഈ വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. തുടര്‍ന്ന് ശബ്ദവോട്ടോടെ ഭേദഗതികള്‍ ലോക്സഭ തള്ളുകയും ബില്‍ പാസാക്കുകയും ചെയ്തു. ഇതോടെ, 2017-18 ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
കോണ്‍ഗ്രസും സി.പി.ഐ.എമ്മും നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ആണ് സര്‍ക്കാറിന് നാണക്കേടായി രാജ്യസഭ പാസാക്കിയത്. സഭയില്‍ ഭരണമുന്നണി ന്യൂനപക്ഷമാണ്.
