Skip to main content

രാജ്യത്തെ മാറ്റിത്തീര്‍ക്കുകയും ഉത്തേജിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പത്ത് മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള 2017-18 വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബുധനാഴ്ച അവതരിപ്പിച്ചു. റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിയ ആദ്യ ബജറ്റാണ് ജെയ്റ്റ്ലി അവതരിപ്പിച്ചത്.

 

കര്‍ഷകര്‍, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ, നികുതി ഭരണം, ഗ്രാമീണ ഇന്ത്യ, യുവജനങ്ങള്‍, ദരിദ്ര-അധ:സ്ഥിത വിഭാഗങ്ങള്‍, ധനകാര്യ മേഖല, പൊതുജന സേവനം, സാമ്പത്തിക നിയന്ത്രണം എന്നിവയാണ് ജെയ്റ്റ്ലി പ്രാധാന്യം നല്‍കുന്ന പത്ത് മേഖലകള്‍.   

 

കര്‍ഷക വായ്പ പത്ത് ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തിക്കൊണ്ടും തൊഴിലുറപ്പ് പദ്ധതിയ്ക്ക് ഇതുവരെയുള്ള ഏറ്റവും വലിയ വിഹിതമായ 48000 കോടി രൂപ അനുവദിച്ചുകൊണ്ടുമുള്ള പ്രഖ്യാപനങ്ങള്‍ ജെയ്റ്റ്ലി നടത്തി.      

 

നോട്ടസാധുവാക്കല്‍ ധീരവും നിര്‍ണ്ണായകവുമായ നടപടിയെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയില്‍ ബഹുവിധ ഫലങ്ങള്‍ ഇത് സൃഷ്ടിക്കുമെന്നും മൊത്ത ആഭ്യന്തര ഉല്‍പ്പാദനം തന്മൂലം വര്‍ധിക്കുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. അനൗപചാരിക സമ്പദ്‌വ്യവസ്ഥയില്‍ നിന്ന്‍ ഔപചാരിക സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യം നീങ്ങുകയാണെന്നും പൊതുജനങ്ങളുടെ പണത്തിന്റെ വിശ്വസ്ഥ കാവലാളായിട്ടാണ് സര്‍ക്കാറിനെ ഇപ്പോള്‍ കാണുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.

Tags