ചരക്കുസേവന നികുതി (ജി.എസ്.ടി) നിരക്ക് ഘടന ജി.എസ്.ടി കൌണ്‍സില്‍ നിശ്ചയിച്ചു. 5, 12, 18, 28 ശതമാനമായിരിക്കും വിവിധ ഇനങ്ങളുടെ നികുതിയെന്ന് കൌണ്‍സില്‍ അദ്ധ്യക്ഷനായ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യാഴാഴ്ച അറിയിച്ചു.
ഉപഭോക്തൃ പണപ്പെരുപ്പ സൂചികയിലെ പകുതിയോളം വരുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഉണ്ടാകില്ലെന്ന് ജെയ്റ്റ്ലി പറഞ്ഞു. കൂടുതല്‍ ചരക്കുകള്‍ക്കും 12 അല്ലെങ്കില്‍ 18 ശതമാനമായിരിക്കും നികുതി. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇനങ്ങള്‍ അഞ്ച് ശതമാനം നികുതി പരിധിയില്‍ വരും. ഇതിലുണ്ടാകുന്ന നഷ്ടം 28 ശതമാനം നികുതി പിരിക്കുന്ന ഇനങ്ങളില്‍ നിന്നുള്ള അധിക വരുമാനം കൊണ്ട് നികത്തുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
പുകയില ഉല്‍പ്പന്നങ്ങള്‍, പാന്‍ മസാല, വായു നിറച്ച പാനീയങ്ങള്‍ എന്നിവയ്ക്ക് അധിക സെസ് ഏര്‍പ്പെടുത്താനും കൌണ്‍സില്‍ തീരുമാനിച്ചു. ഇവയുടെ നികുതി ഇതോടെ 28 ശതമാനത്തിന് മുകളിലാകും. സ്വര്‍ണ്ണത്തിന്റെ നികുതി കൌണ്‍സില്‍ പിന്നീട് നിശ്ചയിക്കുമെന്നും ജെയ്റ്റ്ലി അറിയിച്ചു.
