ഒരു റാങ്ക് ഒരു പെന്ഷന് വിഷയത്തില്‍ വിമുക്ത ഭടന്റെ ആത്മഹത്യ രാഷ്ട്രീയ വിവാദത്തിലേക്ക്. പദ്ധതി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന് കരുതപ്പെടുന്ന രാം കിഷന് ഗ്രെവാളിന്റെ കുടുംബത്തെ കാണുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും തടഞ്ഞ പോലീസ് ഇരുവരെയും തടവില്‍ വെച്ചു. ഗ്രെവാളിന്റെ കുടുംബത്തെയും പോലീസ് പിന്നീട് തടഞ്ഞുവെച്ചു.
രാം മനോഹര്‍ ലോഹ്യ ആശുപത്രി കവാടത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയെ തടഞ്ഞ പോലീസ് അദ്ദേഹത്തെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അല്‍പ്പനേരത്തിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. സിസോദിയയെ ആശുപത്രിയ്ക്ക് പുറത്ത് തടഞ്ഞു.
സ്ഥിതി നിയന്ത്രിക്കാനാണ് ഇവരെ തടവില്‍ വെച്ചതെന്ന് ഡല്‍ഹി ജോയന്റ് പോലീസ് കമ്മീഷണര്‍ ദീപേന്ദ്ര പതക് പറഞ്ഞു.
കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു.
ഹരിയാനയിലെ ഭിവണ്ടി സ്വദേശിയായ ഗ്രെവാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു സര്‍ക്കാര്‍ കെട്ടിടത്തിന്റെ പരിസരത്ത് വെച്ച് വിഷം കുടിക്കുകയായിരുന്നു. ഒരു റാങ്ക് ഒരു പെന്ഷന് വിഷയത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ സക്രിയമായിരുന്ന ഗ്രെവാള്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പ്രതിരോധ മന്ത്രാലയത്തില്‍ നിവേദനം സമര്‍പ്പിക്കാനാണ് എത്തിയത്.
