Skip to main content

വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യവസായ സ്ഥാപനങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ നിന്ന്‍ ഒഴിവാക്കാന്‍ ചരക്കുസേവന നികുതി കൌണ്‍സില്‍ തീരുമാനിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മലയോര സംസ്ഥാനങ്ങളിലും ഇത് പത്ത് ലക്ഷം രൂപയായിരിക്കും. നികുതി നിരക്കുകള്‍ ഒക്ടോബറില്‍ ചേരുന്ന കൌണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും.

 

പുതിയ നികുതി സമ്പ്രദായം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കൌണ്‍സിലിന്റെ ആദ്യയോഗമാണ് വെള്ളിയാഴ്ച കൌണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ അദ്ധ്യക്ഷതയില്‍ നടന്നത്.

 

പരോക്ഷ നികുതി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കത്തിലും യോഗത്തില്‍ തീരുമാനമായി. ഒന്നര കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള നികുതിദായകരുടെ മേല്‍ സംസ്ഥാനങ്ങളുടെയും അതിന് മുകളില്‍ വിറ്റുവരവുള്ളവര്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത ഭരണ നിയന്ത്രണത്തില്‍ വരും.

 

നിലവിലെ 11 ലക്ഷം സേവന നികുതി ദായകര്‍ കേന്ദ്രത്തിന്റെ അധികാര പരിധിയില്‍ തുടരും. ചരക്കുസേവന നികുതി സംസ്ഥാനങ്ങള്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള അവസരം നല്‍കുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയ ശേഷം ഇത് സംസ്ഥാനങ്ങള്‍ക്ക് കൈമാറും.

 

ഒക്ടോബര്‍ 17-19 തിയതികളില്‍ ചേരുന്ന കൌണ്‍സില്‍ യോഗം നികുതി നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. അതിന് മുന്‍പ് സെപ്തംബര്‍ 30-ന് ചരക്കുസേവന നികുതിയില്‍ നിന്ന്‍ ഒഴിവാക്കേണ്ട ഇനങ്ങളുടെ പട്ടിക കൌണ്‍സില്‍ തയ്യാറാക്കും.      

Tags