സംഘര്‍ഷ ബാധിതമായ കശ്മീരില്‍ 52 ദിവസമായി നിലനില്‍ക്കുന്ന നിരോധനാജ്ഞ തിങ്കളാഴ്ച താഴ്വരയുടെ പല ഭാഗങ്ങളിലും പിന്‍വലിച്ചു. എന്നാല്‍, ശ്രീനഗര്‍ നഗരത്തിന്റെ ചില ഭാഗങ്ങളിലും പുല്‍വാമയിലും നിരോധനാജ്ഞ തുടരും. ക്രിമിനല്‍ നടപടി ചട്ടത്തിന്റെ വകുപ്പ് 144 അനുസരിച്ച് പത്തോ അതിലധികമോ പേര്‍ നിയമവിരുദ്ധമായി കൂട്ടം കൂടുന്നത് വിലക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളും തുടരും.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിരോധനാജ്ഞ നീക്കാനുള്ള തീരുമാനം ഉണ്ടായത്. അതേസമയം, നിയന്ത്രണങ്ങളും വിഘടനവാദികള്‍ ആഹ്വാനം ചെയ്തിട്ടുള്ള സമരവും മൂലം സാധാരണ ജനജീവിതം സ്തംഭനാവസ്ഥയില്‍ തുടരുകയാണ്. കടകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയെല്ലാം അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടില്ല. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും മരവിപ്പിചിരിക്കുകയാണ്. വിഘടനവാദികള്‍ സെപ്തംബര്‍ ഒന്ന്‍ വരെ സമരത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.
നിരോധിത ഭീകരസംഘടന ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ കമാണ്ടര്‍ ആയിരുന്ന ബുര്‍ഹാന്‍ വാനിയെ ജൂലൈ എട്ടിന് സുരക്ഷാ സൈനികര്‍ ഏറ്റുമുട്ടലില്‍ വധിച്ചത് മുതല്‍ കശ്മീര്‍ തുടര്‍ച്ചയായ പ്രക്ഷോഭങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുകയാണ്. സംഘര്‍ഷത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഴായിരത്തിലധികം സാധാരണക്കാര്‍ക്കും നാലായിരത്തിലധികം സുരക്ഷാ സൈനികര്‍ക്കും പരിക്കേറ്റതായാണ് കണക്കുകള്‍. പെല്ലെറ്റ് തോക്കുകളില്‍ നിന്നുള്ള വെടിയേറ്റ് ഒട്ടേറെ പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആറു വര്‍ഷത്തിനിടെ കശ്മീര്‍ കണ്ട ഏറ്റവും രൂക്ഷമായ പ്രക്ഷോഭമാണ് ഇത്.