മകനെതിരെ അഴിമതി ആരോപണം: തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്ന് രാജ്നാഥ്; വെറും നുണയെന്ന്‍ പി.എം.ഒ

Wed, 27-08-2014 03:09:00 PM ;
ന്യൂഡല്‍ഹി

rajnath singhമകന്‍ പങ്കജ് സിങ്ങിന് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്നത് അഴിമതി ആരോപണങ്ങള്‍ കാരണമാണെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് ബുധനാഴ്ച തള്ളി. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് രാജ്നാഥ് സിങ്ങ് പ്രതികരിച്ചു. ആരോപണം ‘വെറും നുണ’യാണെന്ന് പ്രധാനമന്ത്രിയുടെ കാര്യാലയവും (പി.എം.ഒ)പ്രസ്താവനയില്‍ പറഞ്ഞു.

 

ഉത്തര്‍ പ്രദേശില്‍ ഉപതെരഞ്ഞെടുപ്പില്‍ നോയ്ഡ സീറ്റില്‍ മകന് സീറ്റ് നല്‍കാത്തതില്‍ രാജ്നാഥ് അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ‘മന്ത്രിസഭയിലെ ഒരംഗവും’ ‘പാര്‍ട്ടിയിലെ എതിരാളി’യും മകനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലെ ആശങ്ക രാജ്നാഥ് ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. പങ്കജ് സിങ്ങിന് സീറ്റ് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് താല്‍പ്പര്യമില്ലെന്ന്‍ സൂചിപ്പിച്ചും മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

ഈ സാഹചര്യത്തിലാണ് പങ്കജ് സിങ്ങിനെതിരെയുള്ള ആരോപണങ്ങള്‍ ‘വെറും നുണകളും’ സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ‘ദുരുപദിഷ്ടവും കരുതിക്കൂട്ടിയുള്ളതുമായ ശ്രമ’വുമാണെന്ന പി.എം.ഒയുടെ പ്രസ്താവന.      

Tags: