Skip to main content
മുംബൈ

reserve bank of indiaതുടര്‍ച്ചയായി മൂന്നാം തവണയും പ്രധാന നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പാദവാര്‍ഷിക വായ്പാനയം പ്രഖ്യാപിച്ചു. എന്നാല്‍, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതത്തില്‍ 0.5 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്. ഇതിലൂടെ വിപണിയില്‍ 40,000 കോടി രൂപ അധികമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

ദുര്‍ബ്ബലമായ മണ്‍സൂണ്‍ ഭക്ഷ്യസാധനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ചെലുത്തുന്ന സ്വാധീനവും അന്താരാഷ്ട്ര എണ്ണവിലയിലെ അസ്ഥിരതയും കണക്കിലെടുത്ത് പണപ്പെരുപ്പ സാധ്യത മുന്‍കൂട്ടി കണ്ടാണ്‌ നിരക്കുകളില്‍ മാറ്റം വരുത്താത്തതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു.

 

നയമനുസരിച്ച് റിപ്പോ നിരക്ക് എട്ടു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് ഏഴു ശതമാനമായും കരുതല്‍ ധന അനുപാതം നാല് ശതമാനമായും തുടരും. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി അനുപാതം 0.5 ശതമാനം കുറച്ച് 22 ശതമാനമാക്കി. ജൂണിലും സമാനമായ നടപടിയിലൂടെ 40,000 കോടി രൂപ അധികമായി വിപണിയില്‍ എത്തിച്ചിരുന്നു.