Skip to main content
ന്യൂഡൽഹി

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനം അയൽരാജ്യമായ ഭൂട്ടാനിലേക്ക്. ഈ മാസം നടക്കുന്ന ഇന്ത്യാ-ഭൂട്ടാൻ ഉഭയകക്ഷി ചർച്ചയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക സംഘം വെളളിയാഴ്‌ച ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവിലേക്ക് പുറപ്പെടും. അതേസമയം മോദിയുടെ യു.എസ് സന്ദര്‍ശനത്തിന്‍റെ തീയതി തീരുമാനിച്ചിട്ടില്ലെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

ബ്രസീലിൽ ന‌ടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടിയാണ് മോഡിയുടെ അടുത്ത പ്രധാന വിദേശ പരിപാടി. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ബ്രിക്‌സ്. ഇന്ത്യാ-ജപ്പാൻ ഉഭയകക്ഷി ചർച്ചയ്‌ക്കായി ജപ്പാനും ഈ വർഷം മോദി സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിൽ നടത്തുന്ന വാർഷിക സമ്മേളനം ഇത്തവണ ജപ്പാനിൽ വച്ചാണ് നടക്കുന്നത്. നേപ്പാൾ, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അയൽ രാജ്യങ്ങളും സന്ദർശിക്കാൻ നരേന്ദ്ര മോദി ആലോചിക്കുന്നുണ്ട്.

 

നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശന തീയതി സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വാര്‍ത്തയായി വരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യാഗിക തീരുമാനമുണ്ടായിട്ടില്ലെന്ന് യു.എസ് വിദേശകാര്യ വക്താവ് മേരി ഹാര്‍ഫ് മാധ്യമങ്ങളോട് പറഞ്ഞു. ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2005-ലാണ് മോദിക്ക് വിസ നല്‍കേണ്ടെന്ന് യു.എസ് തീരുമാനിച്ചത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായതോടെ യു.എസ് മോദിയുടെ വിലക്ക് നീക്കുകയും അദേഹത്തെ യു.എസിലേക്ക് ക്ഷണിക്കുകയും ചെയ്തു.