Skip to main content
ന്യൂഡല്‍ഹി

modi meets advani

 

പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. നരേന്ദ്ര മോഡി ന്യൂഡല്‍ഹിയില്‍ വിവിധ ബി.ജെ.പി നേതാക്കളുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായി മോഡി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭ സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.

 

മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍.കെ അദ്വാനിയെ വസതിയിലെത്തി മോഡി സന്ദര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയേയും മോഡി ഇന്ന്‍ സന്ദര്‍ശിച്ചേക്കും.

 

ഡല്‍ഹി ജണ്ഡേവാലനിലുള്ള ഓഫീസിലെത്തി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെ മോഡി സന്ദര്‍ശിക്കും. മുന്‍ ബി.ജെ.പി അധ്യക്ഷന്‍ വെങ്കയ്യ നായിഡു നേരത്തെ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, പതിവ് സന്ദര്‍ശനമാണിതെന്നും മന്ത്രിസഭാ രൂപീകരണത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടാകില്ലെന്നും നായിഡു പറഞ്ഞു.

 

നേരത്തെ ന്യൂഡല്‍ഹിയില്‍ മോഡി തങ്ങുന്ന ഗുജറാത്ത്‌ ഭവനിലെത്തി വിവിധ പാര്‍ട്ടി നേതാക്കള്‍ മോഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. കാലത്ത് അദ്വാനിയുമായി ചര്‍ച്ച നടത്തിയ ബി.ജെ.പി ജനറല്‍ സെക്രട്ടറി അനന്ത് കുമാര്‍ അതിന് ശേഷം മോഡിയെ കണ്ടിരുന്നു. അടുത്ത ലോകസഭാ സ്പീക്കറായി അദ്വാനിയെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് സൂചനകള്‍.

 

ബീഹാറിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറി ധര്‍മേന്ദ്ര പ്രധാനും മോഡിയുമായി ചര്‍ച്ച നടത്തി. രാജിവെച്ച നിതീഷ് കുമാറിന് പകരം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഇന്ന്‍ ജനതാദള്‍ (യു) യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച.

 

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ, നാഗാലാ‌‍ന്‍ഡ് മുഖ്യമന്ത്രി നെയ്‌ഫ്യു റിയോ, മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്ദ്യൂരപ്പ എന്നിവരും മോഡിയെ സന്ദര്‍ശിച്ചു.

 

മേയ് 20-ന് ചേരുന്ന ബി.ജെ.പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗം നരേന്ദ്ര മോഡിയെ നേതാവായി തെരഞ്ഞെടുക്കും. 282 എം.പിമാരാണ് പാര്‍ട്ടിയ്ക്ക് ഉള്ളത്. മോഡിയുടെ സത്യപ്രതിജ്ഞയുടെ തിയതി തീരുമാനിച്ചിട്ടില്ല.