അടുത്ത ഇന്ത്യന്‍ സര്‍ക്കാറുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിജയകരമായ പൂര്‍ത്തീകരണത്തില്‍ ഇന്ത്യന്‍ ജനതയ്ക്കുള്ള അഭിനന്ദനവും പ്രസ്താവനയില്‍ ഒബാമ അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ ഇന്ത്യ ലോകത്തിന് മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്ന്‍ ഒബാമ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഒബാമയുടെ പ്രസ്താവന മോഡിയുമായി ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്നതിന്റെ സൂചനയായും നിരീക്ഷകര്‍ കരുതുന്നു. 2002-ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയ്ക്ക് 2005 മുതല്‍ യു.എസ് വിസ നിഷേധിച്ചിരിക്കുകയാണ്. എന്നാല്‍, മോഡി പ്രധാനമന്ത്രി ആവുകയാണെങ്കില്‍ സ്വാഭാവികമായും നയതന്ത്ര വിസയ്ക്ക് അര്‍ഹനാകുമെന്ന് യു.എസ് പാര്‍ലിമെന്റായ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.
ഒബാമയുടെ പ്രസ്താവനയെ ബി.ജെ.പി സ്വാഗതം ചെയ്തിട്ടുണ്ട്. നരേന്ദ്ര മോഡിയും കഴിഞ്ഞ കാല പ്രശ്നങ്ങള്‍ ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കരുതെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു.