Skip to main content
ന്യൂഡല്‍ഹി

madi and kejruwal

 

പതിനാറാമത് ലോകസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് മൂന്ന്‍ സംസ്ഥാനങ്ങളിലെ 41 മണ്ഡലങ്ങളില്‍ തിങ്കളാഴ്ച പുരോഗമിക്കുന്നു. ഉത്തര്‍ പ്രദേശിലെ 18-ഉം പശ്ചിമ ബംഗാളിലെ 17-ഉം ബീഹാറിലെ ആറും മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ നേരിടുന്ന വാരാണസിയാണ് ഈ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രം.

 

ബീഹാറിലെ ആറു സീറ്റുകളില്‍ പത്ത് മണി വരെ 17.8 ശതമാനം വോട്ടു രേഖപ്പെടുത്തി. ഉത്തര്‍ പ്രദേശില്‍ ഒന്‍പത് മണി വരെയുള്ള പോളിംഗ് നിരക്ക് 10.38 ശതമാനമാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന്‍ സംശയിക്കുന്നവര്‍ വോട്ടു ചെയ്യാനായി പോയ ഒരു സംഘത്തിന് നേരെ നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബസിര്‍ഹട്ട് മണ്ഡലത്തിലെ ഹവോറയിലാണ് സംഭവം.

 

കഴിഞ്ഞ എട്ടു ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ ഇതുവരെ 50.6 കോടി പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. 66.21 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ് നിരക്ക്. 1984-ല്‍ രേഖപ്പെടുത്തിയ 64 ശതമാനം എന്ന ലോകസഭാ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് നിരക്ക് ഇത്തവണ രാജ്യം മറികടക്കുമോ എന്ന്‍ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.  

 

മൂന്ന്‍ സംസ്ഥാനങ്ങളിലായി ഇന്ന്‍ 600 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 6.6 കോടി വോട്ടര്‍മാര്‍ ഇവരുടെ വിധിയെഴുതും. ഈ 41 സീറ്റുകളില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 14-ലും ബി.ജെ.പിയും സമാജ്വാദി പാര്‍ട്ടിയും ആറു വീതം സീറ്റിലും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അഞ്ചെണ്ണത്തിലും കോണ്‍ഗ്രസ് നാല് മണ്ഡലത്തിലും ജയിച്ചിരുന്നു.