പതിനാറാം ലോകസഭയിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പ് തിങ്കളാഴ്ച അവസാനിക്കുന്നു. അതിനുമുന്‍പ് തന്നെ ദില്ലിയിലെ രാഷ്ട്രീയനീക്ക കേന്ദ്രങ്ങളെല്ലാം സജീവമായിക്കഴിഞ്ഞു. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയാണെന്നിരിക്കലും പാര്‍ട്ടിക്കുള്ളിലും ഫലത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ബദല്‍ നീക്കങ്ങള്‍ക്ക് ശ്രമം ആരംഭിച്ചുകഴിഞ്ഞു.
തങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് സീറ്റ് ലഭിക്കാതിരിക്കുകയും അതേസമയം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറുകയും ചെയ്യുന്ന സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു വിഭാഗം അണിയറ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നരേന്ദ്ര മോഡിയാണെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാകാത്തവര്‍ എല്‍.കെ.അദ്വാനിയുടെ പിന്നില്‍ അണിനിരക്കാന്‍ മടി കാണിക്കുകയില്ല. ഇപ്പോഴുണ്ടാക്കിയിട്ടുള്ള കൂട്ടുകെട്ടുകള്‍ക്കു പുറമേ ചെറുപാര്‍ട്ടികളേയും പ്രാദേശികപാര്‍ട്ടികളേയും കൂടെ നിര്‍ത്താനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.
ആര്‍ക്കും മെച്ചമല്ലാത്ത ഒരു സ്ഥിതി വന്നാല്‍ മൂന്നാം മുന്നണി രൂപീകരണത്തിലേക്ക് കാര്യങ്ങള്‍ പോകാതെ മന്ത്രിസഭ രൂപീകരിക്കുക എന്നതാണ് ബി.ജെ.പിയിലെ ബദല്‍ സംവിധാന ശ്രമങ്ങളുടെ ലക്ഷ്യം. സി.പി.ഐ.എമ്മും മമത ബാനര്‍ജിയും തമ്മിലുള്ള ശത്രുത മൂന്നാം മുന്നണി സാധ്യതയെ വളരെയധികം ദോഷമായി ബാധിക്കുന്നുണ്ട്. തുടക്കത്തില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന തമിഴ്‌നാട്ടിലെ ജയലളിതയുടെ മനസ്സിലിരിപ്പും നിര്‍ണ്ണായകമാണ്. എന്തായാലും ദില്ലിയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ മാനേജര്‍മാര്‍ പലവിധത്തിലുള്ള കൂട്ടലിന്റേയും കിഴിക്കലിന്റേയും അടിസ്ഥാനത്തില്‍ ഫലമറിഞ്ഞ മട്ടിലുള്ള നീക്കങ്ങളില്‍ സക്രിയമായി കഴിഞ്ഞിരിക്കുകയാണ്.

