വാരാണസിയില്‍ നിന്ന്‍ മത്സരിക്കുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്ക് റാലി നടത്തുന്നതിന് അനുമതി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബി.ജെ.പി വാരാണസിയില്‍ വ്യാഴാഴ്ച പടുകൂറ്റന്‍ റാലി നടത്തി. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ലങ്ക ഗേറ്റിനു മുന്നില്‍ ബി.ജെ.പി നേതാക്കളായ അരുണ്‍ ജെയ്റ്റ്ലിയും അമിത് ഷായും റാലിയ്ക്ക് നേതൃത്വം നല്‍കി. ന്യൂഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പാര്‍ട്ടി പ്രകടനം നടത്തി.
വിലക്കിനെ തുടര്‍ന്ന്‍ വാരാണസിയുടെ പ്രാന്തപ്രദേശത്ത് സംഘടിപ്പിച്ചിരിക്കുന്ന റാലിയെ ഇന്ന്‍ വൈകിട്ട് മോഡി അഭിസംബോധന ചെയ്യും. നഗരത്തിലെ പാര്‍ട്ടി കാര്യാലയത്തിലേക്കുള്ള മോഡിയുടെ റോഡ്‌ഷോ ഏത് റാലിയേക്കാളും വലുതായിരിക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടു. വന്‍ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാനുള സൗകര്യം നഗരത്തിലെ ബനിയാബാദില്‍ ഇല്ലെന്നും ആളുകള്‍ തടിച്ചുകൂടുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടിയാണ് ഇവിടെ റാലി നടത്തുന്നതിന് ജില്ലാ അധികൃതര്‍ അനുമതി നിഷേധിച്ചത്.
ബി.ജെ.പിയുടെ പ്രതികരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ‘ആശ്ചര്യവും നിരാശയും’ പ്രകടിപ്പിച്ചു. എന്നാല്‍, ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ കൂടുതല്‍ ധൈര്യം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും ഭീരുക്കള്‍ ഉയര്‍ന്ന പദവികളേയും ചെറുതാക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ മറുപടി. ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങള്‍ ബഹുമാനിക്കുന്നില്ലെന്ന്‍ ബി.ജെ.പി ഒരിക്കല്‍ കൂടി തെളിയിച്ചതായി കോണ്‍ഗ്രസ് പ്രതികരിച്ചു.
മേയ് 12-ലെ അവസാന ഘട്ടത്തിലാണ് വാരാണസിയിലെ വോട്ടെടുപ്പ്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായിയുമാണ് മോഡിയുടെ പ്രധാന എതിരാളികള്‍.
