ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ പ്രകോപനപരമായ പ്രസ്താവന നടത്തിയതിന് കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മോഡിക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവന നടത്തിയതിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ബേനി പ്രസാദ് വര്‍മ്മയ്‌ക്കെതിരെ ഉത്തര്‍പ്രദേശിലെ ഛാപിയ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്തെ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിച്ച് നിറുത്താന്‍ ശ്രമിക്കുന്ന, അവര്‍ക്കിടയില്‍ വെറുപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന മോഡിയെ ഒരു മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും അയാള്‍ ഒരു രാക്ഷസനാണെന്നുമായിരുന്നു ബേനിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ മസ്‌കന്വയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ബേനി മോഡിക്കെതിരായ പരാമര്‍ശം ഉന്നയിച്ചത്.
ഗുജറാത്തിലെ കൂട്ടക്കൊലയെ ജനങ്ങളുടെ സ്വാഭാവിക പ്രതികരണമെന്നു വിശേഷിപ്പിച്ച മോഡി യഥാര്‍ത്ഥത്തില്‍ മുസ്ലീങ്ങളെ കളിയാക്കുകയാണ് ചെയ്തതെന്നും താന്‍ ഒരു മനുഷ്യനാണോയെന്ന് മോഡി സ്വയം വ്യക്തമാക്കണമെന്നുമായിരുന്നു ബേനിയുടെ വാക്കുകള്‍.