മധുവിധു പരാമർശത്തിലൂടെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെ അവഹേളിച്ചതിന് യോഗഗുരു ബാബ രാംദേവിന് ലക്‌നൗ ജില്ലയിൽ പൊതുപരിപാടികൾ നടത്തുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തി. വോട്ടെണ്ണുന്ന മെയ് 16-വരെ ഇവിടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലോ വാർത്താ സമ്മേളനങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കമ്മിഷന്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്. യോഗപരിപാടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ലക്‌നൗവില്‍ വെള്ളിയാഴ്ച്ച സംഘടിപ്പിച്ച പൊതു പരിപാടിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്. രാഹുല്‍ ദളിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത് ഹണിമൂണ്‍ ആഘോഷിക്കുന്നതിന് വേണ്ടിയാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. തുടർന്ന് രാംദേവിനെതിരെ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ തെറ്റ് തിരുത്തി മാപ്പ് പറഞ്ഞ് വിവാദം അവസാനിപ്പിക്കാനുള്ള ശ്രമമാണ് രാംദേവ് നടത്തിയത്.
വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ മോശമായി ചിത്രീകരിക്കുകയും ജനങ്ങൾക്കിടയിൽ വൈരം വളർത്തുകയും ചെയ്യുന്ന ഇത്തരം പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടികൾ ഉണ്ടാവുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകൾ നടത്തുന്നതിനെതിരെ കമ്മീഷൻ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെയാണ് രാംദേവ് പരസ്യമായി പിന്തുണയ്ക്കുന്നത്.

