ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത തുക 240 കോടി കവിഞ്ഞു. ഒരു കോടി ലിറ്റര്‍ മദ്യവും 30,000 കിലോഗ്രാം മയക്കുമരുന്നുശേഖരവും ഇതുവരെ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കള്ളപ്പണവും മറ്റു സാധനങ്ങളും ഉപയോഗിക്കുന്നത് തടയുന്നതിനായിട്ട് പരിശോധന കര്‍ശനമാക്കിയിരുന്നു.
ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത് ആന്ധ്രാപ്രദേശില്‍ നിന്നാണ് 102 കോടി രൂപ. തമിഴ്‌നാട്ടില്‍ നിന്ന് 39 കോടിയും മഹാരാഷ്ട്രയിൽ നിന്ന് 25 കോടിയും കര്‍ണാടകയില്‍ നിന്ന് 20.53 കോടിയും പിടികൂടി. മയക്കുമരുന്ന് ഏറ്റവും കൂടുതല്‍ കണ്ടെടുത്തത് ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. കേന്ദ്ര റവന്യൂ സർവീസ്, ആദായ നികുതി വകുപ്പ്, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസ് തുടങ്ങിയ വകുപ്പുകളാണ് ഇക്കാര്യത്തിൽ കമ്മീഷനെ സഹായിക്കാൻ രംഗത്തുള്ളത്.
