തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ നരേന്ദ്ര മോഡി വിമര്‍ശകരെല്ലാം പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്ന പരാമര്‍ശം നടത്തിയ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട്. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലാ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബീഹാറിലെ നവാഡയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിംഗ് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു.
ബി.ജെ.പി നേതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞിട്ടും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ് ഗിരിരാജ് സിംഗ്. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച നോട്ടീസയിരുന്നു. പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഈ മാസം ഇരുപത്തിനാലിനകം കമ്മീഷന് വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ എതിര്‍ക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നും അവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നുമായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന.