ഭര്‍ത്താവ് റോബർട്ട് വദ്രക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി രംഗത്തെത്തി. ഭർത്താവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് അദ്ദേഹത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എന്നാല്‍ നിരന്തരമായ വേട്ടയാടല്‍ തനിക്കും കുടുബത്തിനും കരുത്തുപകരുമെന്നും പ്രിയങ്ക പറഞ്ഞു. റായ്ബറേലിയിൽ സോണിയാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
റായ്ബറേലിയിലെ ജനങ്ങള്‍ എന്നും തന്റെ കുടുബത്തിനു പിന്തുണ നല്‍കിയവരാണ്. രാജ്യത്തിന്റെ ഭാവിയും സ്വന്തം കുട്ടികളുടെ ഭാവിയും മുന്നില്‍ കണ്ട് ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നും തന്റെ അമ്മയ്ക്ക് വേണ്ടിയല്ല വോട്ടു തേടുന്നതെന്നും മറിച്ച് ഇന്ത്യക്ക് വേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റായ്ബറേലിയില്‍ സോണിയ ഗാന്ധി ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും അതിന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലേ കഴിയൂ എന്നും പ്രിയങ്ക പറഞ്ഞു.
തന്റെ ഭർത്താവിനും കുടുംബത്തിനും നേരെ പരുഷമായ ഭാഷയിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി ഇതു തുടരുന്നു. സത്യമാണ് ധൈര്യമെന്ന് ഇന്ദിരാഗാന്ധി ഞങ്ങൾക്കു പറഞ്ഞു തന്നിട്ടുണ്ട്. എത്ര മൂടിവച്ചാലും ഒരു നാൾ സത്യം പുറത്തു വരുമെന്ന് താന്‍ തന്റെ മക്കൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

