കശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി ദൂതരെ അയച്ചതായി പ്രമുഖ കശ്മീര്‍ വിഘടനവാദ നേതാവ് സയെദ് അലി ഷാ ഗീലാനി. എന്നാല്‍, ഇത് ശക്തിയായി നിഷേധിച്ച ബി.ജെ.പി ഗീലാനിയുടെ പ്രസ്താവന അസത്യവും ദുരൂഹവുമാണെന്ന് പ്രതികരിച്ചു.
മാര്‍ച്ച് 22-ന് കാശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍ പെടുന്ന രണ്ട് പേര് തന്നെ കണ്ട് പ്രശ്നപരിഹാരത്തിന് സഹായം അഭ്യര്‍ഥിച്ചതായി ഗീലാനി വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു. മോഡിയുമായി സംസാരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടോയെന്ന് ഇവര്‍ ആരായുകയും ഇല്ലെന്ന് താന്‍ അറിയിക്കുകയും ചെയ്തതായി തീവ്ര വിഘടനവാദ നിലപാടുകള്‍ സ്വീകരിക്കുന്ന ഗീലാനി പറഞ്ഞു.
മോഡി ആര്.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാണെന്നും ആര്.എസ്.എസിനേയും മോഡി പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ കശ്മീര്‍ നയത്തെക്കുറിച്ചും എല്ലാവര്ക്കും അറിയാവുന്നതാണെന്നും നിര്‍ദ്ദേശം നിരാകരിച്ചതിന് കാരണമായി ഗീലാനി വെള്ളിയാഴ്ച കൂട്ടിച്ചേര്‍ത്തു.
മിതവാദ വിഘടനവാദ നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖിനേയും ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമി മേധാവി മുഹമ്മദ് അബ്ദുള്ള വാനിയേയും മോഡിയുടെ പ്രതിനിധികള്‍ കണ്ടതായി ഗീലാനി സൂചിപ്പിച്ചു. കശ്മീര്‍ വിഷയത്തില്‍ മോഡിയില്‍ പ്രതീക്ഷയുണ്ടെന്ന് മിര്‍വായിസും മോഡി പ്രധാനമന്ത്രിയാകുകയാണെങ്കില്‍ കശ്മീരിനോട് മൃദുസമീപനം സ്വീകരിക്കുമെന്ന് വാനിയും പ്രസ്താവിച്ചിരുന്നു.
എന്നാല്‍, കശ്മീര്‍ വിഷയം സംസാരിക്കാന്‍ ബി.ജെ.പിയുടെ പ്രതിനിധികളാരും ഗീലാനിയെ കാണുകയോ കാണാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ജനങ്ങളില്‍ സംശയം സൃഷ്ടിക്കാനാണെന്നും പാര്‍ട്ടി ആരോപിച്ചു.