ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടി (ടി.ഡി.പി)യും ബി.ജെ.പിയും തമ്മിലുള്ള സഖ്യത്തില്‍ സീറ്റുതര്‍ക്കം രൂക്ഷം. ആറു അസംബ്ലി സീറ്റിന് പകരമായി ബി.ജെ.പിയ്ക്ക് ഒരു ലോകസഭാ സീറ്റ് നല്‍കാമെന്നാണ് ടി.ഡി.പിയുടെ വാഗ്ദാനം. തങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന 14 സീറ്റില്‍ രണ്ടെണ്ണം നല്‍കാമെന്നും മറ്റ് രണ്ടെണ്ണത്തില്‍ സ്ഥാനാര്‍ഥികളെ മാറ്റാമെന്നും ബി.ജെ.പി സമ്മതിച്ചിട്ടുണ്ട്.
മേയ് ഏഴിന് നടക്കുന്ന വോട്ടെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി നാളെയാണ്. തര്‍ക്കം പരിഹരിക്കുന്നതിന് രണ്ട് പാര്‍ട്ടികളുടേയും നേതാക്കള്‍ ഇന്ന്‍ വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്.
ഇന്നലെ രാത്രി നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ബി.ജെ.പിയുടെ ചില സ്ഥാനാര്‍ഥികളിലുള്ള അതൃപ്തി ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു പരസ്യമായി പ്രകടിപ്പിച്ചിരുന്നു. നിയമസഭാ മണ്ഡലങ്ങളിലെ ദുര്‍ബ്ബലരായ സ്ഥാനാര്‍ഥികള്‍ എതിരാളികള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്ന്‍ നായിഡു പറഞ്ഞു. ലോകസഭാ തെരഞ്ഞെടുപ്പിലെ സഖ്യത്തിന്റെ സാധ്യതകളേയും അത് ബാധിക്കുമെന്ന് നായിഡു മുന്നറിയിപ്പ് നല്‍കി. ആന്ധ്രാപ്രദേശ് നിയമസഭയിലേക്കും ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം വോട്ടെടുപ്പ് നടക്കുന്നുണ്ട്.
ബി.ജെ.പി ദേശീയ വക്താവ് പ്രകാശ് ജാവേദ്കര്‍ ഇന്നലെ ഹൈദരാബാദില്‍ എത്തിയിട്ടുണ്ട്. ജാവേദ്കര്‍ ഇന്ന്‍ നായിഡുവുമായി കൂടിക്കാഴ്ച നടത്തും.
ബി.ജെ.പിയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നാല് ലോകസഭാ സീറ്റിന് പുറമേ രാജമുണ്ട്രി സീറ്റ് കൂടി നല്‍കാമെന്നും പകരം ആറു നിയമസഭാ മണ്ഡലങ്ങള്‍ വിട്ടുനല്‍കണമെന്ന നിര്‍ദ്ദേശമാണ് ടി.ഡി.പി മുന്നോട്ടു വെച്ചിട്ടുള്ളത്. ചില ദുര്‍ബ്ബലരായ സ്ഥാനാര്‍ഥികളെ മാറ്റാനും ബി.ജെ.പിയോട് ടി.ഡി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് പ്രതികരണമായി രണ്ടെണ്ണം നല്‍കാമെന്നും മറ്റ് രണ്ടെണ്ണത്തില്‍ സ്ഥാനാര്‍ഥികളെ മാറ്റാമെന്നുമാണ് ബി.ജെ.പി നിലപാട്.
