ഉക്രൈനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി യു.എസ്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, ഉക്രൈന്‍ എന്നിവര്‍ ചേര്‍ന്ന് ജനീവയില്‍ കൂടിയ ഉന്നതതല സമ്മേളനം പുതിയ നടപടികള്‍ക്ക് രൂപം നല്‍കി. പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുള്ള സമാധാന ഉടമ്പടിക്ക് അംഗീകാരമായി. കിഴക്കന്‍ ഉക്രൈന്‍ നഗരങ്ങളിലെ റഷ്യന്‍ അനുകൂലികളും ഉക്രൈന്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് വേണ്ടിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഉക്രൈനിലെ റഷ്യന്‍ ഭാഷ സംസാരിക്കുന്ന മേഖലകളില്‍ കൂടുതല്‍ ഭരണഘടനാ പരിഷ്‌കാരങ്ങള്‍ വരുത്താനും പ്രക്ഷോഭങ്ങളുടെ ഭാഗമായി തടവിലായ എല്ലാവര്‍ക്കും മാനുഷിക പരിഗണന നല്‍കാനും യു.എസ്, റഷ്യ,ഉക്രൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്‍റെ പ്രതിനിധിയും പങ്കെടുത്ത സമ്മേളനത്തില്‍ തീരുമാനിച്ചു. റഷ്യന്‍ അനുകൂലികള്‍ പിടിച്ചെടുത്ത കിഴക്കന്‍ പ്രദേശത്തെ സര്‍ക്കാര്‍ മന്ദിരങ്ങളും പോലീസ് സ്റ്റേഷനുകളും സുരക്ഷാത്താവളങ്ങളും തിരിച്ചു നല്‍കാമെന്ന് റഷ്യ സമ്മതിച്ചു.
എട്ടു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തിലാണ് ഉക്രൈന്‍ പ്രശ്‌നത്തില്‍ സ്വീകരിക്കേണ്ട നടപടികളില്‍ പ്രതിനിധികള്‍ തീരുമാനം എടുത്തത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുടെ യോഗം ഉക്രൈന്‍ ഉടന്‍ വിളിക്കണമെന്നും ജനീവയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു

