ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മത്സരരംഗത്തുള്ളത് 1762 സ്ഥാനാർത്ഥികളാണ് വോട്ടർമാരുടെ എണ്ണം 19.5 കോടിയും ആണ്. ഇന്നത്തെ വോട്ടെടുപ്പോടെ ലോക്‌സഭയിലേക്കുള്ള പകുതി സീറ്റുകളിലേക്കുള്ള പോളിങ്ങും പൂര്‍ത്തിയാകും.
കര്‍ണാടക (28), രാജസ്ഥാന്‍ (20), മഹാരാഷ്ട്ര (19), ഉത്തര്‍ പ്രദേശ് (11), ഒഡീഷ (11), മധ്യപ്രദേശ് (10), ജാര്‍ഖണ്ഡ് (6), ബീഹാര്‍ (7), വെസ്റ്റ് ബംഗാള്‍ (4), ഛത്തീസ്ഗഢ് (3), ജമ്മുകശ്മീര്‍ (1), മണിപ്പുര് (1). എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലുള്ള സീറ്റുകളുടെ എണ്ണം.
കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലി, ഇൻഫോസിസ് സ്ഥാപകരിൽ ഒരാളായ നന്ദൻ നിലേക്കനി, മുൻപ്രധാനമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡ, ജ്യോതിരാദിത്യ സിന്ധ്യ, ലാലു പ്രസാദ് യാദവിന്റെ മൂത്തമകള്‍ മിസാ ഭാരതി,മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവും സിനിമാതാരവുമായ ശത്രുഘൻസിൻഹ, എന്നിവരാണ് അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖര്‍.
കേന്ദ്രമന്ത്രി സച്ചിൻ പൈലറ്റ് (കോൺഗ്രസ്) ഷൂട്ടിംഗിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ രാജ്യവർദ്ധൻ റാത്തോഡ് (ബി.ജെ.പി), ബാർമർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബി.ജെ.പി വിമതന്‍ ജസ്വന്ത് സിംഗ് എന്നിവരുടെ വിധി ജനങ്ങൾ ഇന്ന് കല്പിക്കും. പ്രശസ്ത ഫുട്ബാൾ താരം ബെയ്ചുങ് ബൂട്ടിയ തൃണമൂൽ സ്ഥാനാർത്ഥിയായി ബംഗാളിലെ ഡാർജിലിങ്ങിൽ നിന്ന് ഇന്ന് ജനവിധി തേടുന്നുണ്ട്.

