ഗുജറാത്ത് വികസന മാതൃക എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കണമെന്നില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി. ജസ്വന്ത് സിങ്ങ് പ്രശ്നം മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ജോഷി പ്രതികരിച്ചു. മലയാളം ടെലിവിഷന്‍ ചാനല്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോഷിയുടെ അഭിപ്രായ പ്രകടനം.
ജോഷിയുടെ പ്രസ്താവനകളെ കുറിച്ച് മാദ്ധ്യമങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. പ്രസ്താവന പരിശോധിച്ച ശേഷം പാര്‍ട്ടി ഈ വിഷയത്തില്‍ പ്രതികരിക്കുമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
താന്‍ പ്രതിനിധീകരിച്ചിരുന്ന വാരാണസി മണ്ഡലം ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്ക് വേണ്ടി ഒഴിഞ്ഞുകൊടുക്കുന്നതില്‍ ജോഷി വൈമന്യസം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് ജോഷിയുടെ ചുമതലയില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയുടെ പ്രകടന പത്രിക വൈകുന്നതിന് കാരണമായതെന്നും സൂചനകള്‍ ഉണ്ടായിരുന്നു.
