Skip to main content
ന്യൂഡല്‍ഹി

rahul gandhiകോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ അമേത്തിയില്‍ നിന്ന്‍ ശനിയാഴ്ച ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വന്‍ റോഡ്‌ ഷോയുടെ അകമ്പടിയോടെയാണ് 2004-ലും 2009-ലും തന്നെ വിജയിപ്പിച്ച മണ്ഡലത്തില്‍ മൂന്നാമങ്കം തുടങ്ങാന്‍ രാഹുല്‍ ഗാന്ധി എത്തിയത്. എന്നാല്‍, നെഹ്രു കുടുംബത്തിന്റെ കുത്തകയായ മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്സരമാണ് രാഹുല്‍ നേരിടുന്നത്.

 

മുഴുവന്‍ കുടുംബാംഗങ്ങളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും ഗൗരിഗഞ്ചില്‍ നിന്ന്‍ അമേത്തി കളക്ടറേറ്റ് വരെയുള്ള 40 കിലോമീറ്റര്‍ ദൂരം രാഹുലിനെ അനുഗമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധി പത്രിക സമര്‍പ്പണത്തിന്റെ സമയത്ത് ഒപ്പം ചേര്‍ന്നു. മേയ് ഏഴിനാണ് അമേത്തിയില്‍ വോട്ടെടുപ്പ് നടക്കുക.

 

നരേന്ദ്ര മോഡിയ്ക്കെതിരെ താന്‍ വ്യക്തിപരമായ ആക്രമണം നടത്തിയിട്ടില്ലെന്നും തന്റെ വിവാഹം സംബന്ധിച്ച് മോഡി മുന്‍പൊന്നും വെളിപ്പെടുത്തിയിട്ടില്ല എന്നുമാത്രമാണ് താന്‍ പറഞ്ഞതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രാഹുല്‍ പറഞ്ഞു. 2004-ലും 2009-ലും പോലെ അഭിപ്രായ സര്‍വേകള്‍ ഇത്തവണയും തെറ്റെന്ന്‍ തെളിയുമെന്നും രാഹുല്‍ പറഞ്ഞു.

 

ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും പ്രമുഖരെ സ്ഥാനാര്‍ഥികളാക്കിയാതോടെ ത്രികോണ മത്സരത്തിന് അമേത്തിയില്‍ അരങ്ങൊരുങ്ങുകയാണ്. മുന്‍ ടെലിവിഷന്‍ താരം സ്മൃതി ഇറാനിയെ ആണ് ബി.ജെ.പി രാഹുലിനെതിരെ മത്സരിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടി തങ്ങളുടെ പ്രമുഖ നേതാവ് കുമാര്‍ ബിശ്വാസിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ അമേത്തിയില്‍ നിന്ന്‍ ജയിച്ചതെങ്കിലും 2002-ല്‍ നടന്ന ഉത്തര്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടത്തെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ മൂന്നിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.

 

എന്നാല്‍, നെഹ്രു കുടുംബവുമായി ബന്ധപ്പെടുത്തിയാണ് മണ്ഡലം അറിയപ്പെടുന്നത്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
1980-ല്‍ സഞ്ജയ്‌ ഗാന്ധി മത്സരിച്ചതോടെയാണ്‌ ഇത് നെഹ്രു കുടുംബത്തിന്റെ സീറ്റായി മാറുന്നത്. തുടര്‍ന്ന്‍, രാജീവ് ഗാന്ധി ഇവിടെ നിന്ന്‍ നാല് തവണ മത്സരിച്ചു. പിന്നീട് മണ്ഡലത്തെ പ്രതിനിധീകരിച്ച സോണിയ ഗാന്ധി 2004-ല്‍ രാഹുലിന് മത്സരിക്കാനായി റായ് ബറേലിയിലേക്ക് മാറുകയായിരുന്നു.