2002-ലെ ഗുജറാത്ത് കലാപത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി അന്ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിക്കയച്ച കത്തുകള്‍ പരസ്യമാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഗുജറാത്ത് സര്‍ക്കാറിന്റേയും നരേന്ദ്ര മോഡിയുടേയും അഭിപ്രായം തേടി. വിവരാവകാശ നിയമ പ്രകാരം കത്തുകളിലെ വിവരം തേടിയതിന് പ്രകാരമാണ് പി.എം.ഒയുടെ നടപടി.
പി.എം.ഒയിലെ കേന്ദ്ര പൊതു വിവരാവകാശ ഓഫീസര്‍ എസ്.ഇ റിസ്വി നേരത്തെ കത്തുകളിലെ വിവരം നല്‍കുന്നത് നിരസിച്ചിരുന്നു. ഒരു വ്യക്തിക്കെതിരെയുള്ള അന്വേഷണം, അറസ്റ്റ്, വിചാരണ എന്നിവയെ തടസ്സപ്പെടുത്തുന്ന വിവരങ്ങള്‍ നല്കുന്നതില് നിന്ന് ഒഴിവാക്കുന്ന വിവരാവകാശ നിയമത്തിലെ 8(1)(h) വകുപ്പ് അനുസരിച്ച് പ്രത്യേകിച്ച് കാരണമൊന്നും വിശദീകരിക്കാതെയാണ് അപേക്ഷ നിരസിച്ചത്.
എന്നാല്‍, അപ്പീലില്‍ പി.എം.ഒ ഡയറക്ടര്‍ കൃഷന് കുമാര്‍ കാരണമൊന്നും നല്‍കാതെ വിവരം നിരസിച്ച റിസ്വിയുടെ നടപടി തള്ളി. 11 വര്‍ഷം പഴക്കമുള്ള കത്തുകള്‍ അന്വേഷണം, അറസ്റ്റ്, വിചാരണ എന്നിവയെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണെന്ന അപ്പീലിലെ വാദവും ഡയറക്ടര്‍ സ്വീകരിച്ചു. 15 ദിവസത്തിനുള്ളില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാനും ഡയറക്ടര്‍ വിവരാവകാശ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
വിവരാവകാശ നിയമത്തിലെ 11(1) വകുപ്പനുസരിച്ച് ഈ അപേക്ഷയിലെ മൂന്നാം കക്ഷിയായ ഗുജറാത്ത് സര്‍ക്കാറിനോടും മോഡിയോടും കൂടിയാലോചന നടത്തുകയാണെന്നും ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവരം നല്‍കുമെന്നുമാണ് റിസ്വി ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്.
2002 ഫെബ്രുവരി 27-നും ഏപ്രില്‍ 30-നും ഇടയില്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് പി.എം.ഒയും ഗുജറാത്ത് സര്‍ക്കാറുമായി നടന്ന എല്ലാ കത്തിടപാടുകളുടേയും പകര്‍പ്പ് ആണ് വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.