മിസോറാമിലെ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഒമ്പതിന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് വിവിധ സംഘടനകളുടെ ബന്ദ് ആഹ്വാനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. മിസോറാം ലോക്‌സഭാ സീറ്റിന് പുറമെ ഹ്രാങ്‌ടര്‍സോ നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.
ത്രികോണ മത്സരമാണ് ഇത്തവണ മിസോറാമില്‍ നടക്കുന്നത്. സിറ്റിംഗ് എം.പിയായ കോണ്‍ഗ്രസിലെ സി.എല്‍ റുവാലയക്കെതിരെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാര്‍ത്ഥി റോബര്‍ട്ട് റൊമാവിയാണ് മത്സരരംഗത്തുള്ളത്. ആം ആദ്മി പാര്‍ട്ടിയും മത്സരരംഗത്ത് സജീവമാണ്.
ത്രിപുരയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന ബ്രു വംശജര്‍ക്ക് അവിടെനിന്ന് തപാല്‍വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു സംയുക്‌ത സമരസമിതി 72 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒമ്പതിന് നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് മാറ്റിയത്. 17 വര്‍ഷം മുമ്പ് ഭൂരിപക്ഷ മിസോ വര്‍ഗക്കാരുമായുണ്ടായ വംശീയ കലാപത്തെ തുടര്‍ന്ന് അയല്‍സംസ്‌ഥാനമായ ത്രിപുരയിലേക്കു രക്ഷപ്പെട്ടവരാണ് ബ്രൂ അഭയാര്‍ഥികള്‍. ഉത്തര ത്രിപുരയിലെ ആറു ക്യാമ്പുകളിലായി 36,000 അഭയാര്‍ഥികളാണുള്ളത്.
സംസ്ഥാനത്തെ് മൊത്തം 7,02,189 വോട്ടര്‍മാരില്‍ 3,55,954 പേര്‍ സ്ത്രീകളാണ്. തിരഞ്ഞെടുപ്പിനായി 1,126 പോളിംഗ് സ്‌റ്റേഷനുകളാണ് സംസ്ഥാനത്ത് സജജമാക്കിയിരിക്കുന്നത്. കനത്ത സുരക്ഷ സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

