ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്യുന്ന സ്ഥിരതയാര്‍ന്ന ഭരണം രാജ്യത്തിന് ദുരന്തമായിരിക്കുമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനുള്ള സാധ്യതയും കാരാട്ട് തള്ളി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ കാരാട്ട് എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ എത്തുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഇനിയും പ്രകടന പത്രിക പുറത്തിറക്കിയിട്ടില്ലെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി. നരേന്ദ്ര മോഡി തന്നെയാണ് ബി.ജെ.പിയുടെ പ്രകടന പത്രികയെന്നും മോഡിയെ കോര്‍പ്പറേറ്റ് ശക്തികളും ഹിന്ദുത്വ ശക്തികളും പിന്തുണക്കുന്നതായി കാരാട്ട് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് 2009-ലെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന ബി.ജെ.പി വാരാണസിയില്‍ മോഡിയെ മത്സരിപ്പിക്കുക വഴി വ്യക്തമായ സന്ദേശമാണ് ഉത്തര്‍ പ്രദേശിനും രാജ്യത്തിനും നല്‍കുന്നതെന്ന് കാരാട്ട് അഭിപ്രായപ്പെട്ടു.
ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാന്‍ തെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച കേന്ദ്രമന്ത്രി എ.കെ ആന്റണിയുടെ പ്രസ്താവനയില്‍ കാരാട്ട് ആശ്ചര്യം പ്രകടിപ്പിച്ചു. ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണക്കുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ആന്റണിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് ആശ്ചര്യകരമാണെന്ന് കാരാട്ട് പറഞ്ഞു.
ഒരു മൂന്നാം മുന്നണി സര്‍ക്കാറില്‍ സി.പി.ഐ.എം ചേരുമോ എന്ന ചോദ്യത്തിന് അത് തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു കാരാട്ടിന്റെ മറുപടി.
