Skip to main content
ലക്നോ

amit shahപ്രതികാരം ചെയ്യണമെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യണമെന്ന് മുസഫര്‍നഗര്‍ കലാപബാധിതരോട് ബി.ജെ.പി നേതാവും നരേന്ദ്ര മോഡിയുടെ അടുത്ത അനുയായിയുമായ അമിത് ഷാ. മുഗള കാലഘട്ടത്തില്‍ വാളും അമ്പും ഉപയോഗിച്ചാണ് പ്രതികാരം ചെയ്തിരുന്നത്. എന്നാല്‍, വര്‍ത്തമാന കാലത്ത് അത്തരം രീതികള്‍ ഉപയോഗിക്കാന്‍ ആകില്ലെന്ന് ഷാ പറഞ്ഞു. കലാപത്തിനിരയായവര്‍ക്ക് നീതി ലഭിച്ചില്ലെന്നും തെരഞ്ഞെടുപ്പ് പ്രതികാരത്തിനുള്ള സമയമാണെന്നും ഷാ പറഞ്ഞു.

 

ജാട്ട് വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ഒരു ഗ്രാമത്തില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പിയുടെ ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന അമിത് ഷാ. കലാപം ഇളക്കിവിട്ടെന്ന ആരോപണം നേരിടുന്ന ബി.ജെ.പി നേതാവ് സുരേഷ് റാണയും ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. മുസഫര്‍നഗറില്‍ 2013 സെപ്തംബറില്‍ നടന്ന കലാപത്തില്‍ 65 പേര്‍ കൊല്ലപ്പെടുകയും 50,000-ത്തോളം പേര്‍ക്ക് വീട് വിടേണ്ടി വരികയും ചെയ്തിരുന്നു.  

 

അധികാരത്തിലെത്തിയാല്‍ ഉത്തര്‍ പ്രദേശിലെ സമാജ്‌വാദി സര്‍ക്കാറിനെതിരെ പിരിച്ചുവിടുമെന്നും ഷാ പ്രസ്താവിച്ചു. ബിജ്നോറില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കവേയാണ് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിനെ പരാമര്‍ശിച്ച് നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ പിറ്റേ ദിവസം ‘മുല്ലാ മുലായ’ത്തിന്റെ സര്‍ക്കാറിനെ പിരിച്ചുവിടുമെന്ന് ഷാ പറഞ്ഞത്.

 

സമാജ്‌വാദി പാര്‍ട്ടി, ജനതാദള്‍ (യു), കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഷായുടെ പരാമര്‍ശങ്ങളെ അപലപിച്ചിട്ടുണ്ട്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ് ഷായുടെ പ്രസ്താവനയെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് പ്രതികരിച്ചു. ഷായ്ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആവശ്യപ്പെട്ടു.