മുതിര്‍ന്ന ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്ങും ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. അദ്വാനി ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും രാജ്നാഥ് ഉത്തര്‍ പ്രദേശിലെ ലക്നോവില്‍ നിന്നുമാണ് മത്സരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡി പത്രിക സമര്‍പ്പണത്തിന് അദ്വാനിയെ അനുഗമിച്ചു.
ഗാന്ധിനഗറില്‍ നിന്ന്‍ മത്സരിക്കാതിരിക്കുന്ന കാര്യം താന്‍ ആലോചിട്ടില്ലെന്ന് അദ്വാനി പറഞ്ഞു. ഗുജറാത്തും ഗാന്ധിനഗറുമായുള്ള തന്റെ ദീര്‍ഘകാല ബന്ധം ഓര്‍ത്തെടുത്ത അദ്വാനി നരേന്ദ്ര മോഡിയെ പ്രശംസിക്കുകയും ചെയ്തു. മോഡി കഴിവുറ്റ ഭരണകര്‍ത്താവ് ആണെന്ന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുമെന്നും അദ്വാനി പറഞ്ഞു. അതേസമയം. മോഡിയെ താന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി താരതമ്യം ചെയ്യില്ലെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസമുള്ള അദ്വാനി അഞ്ച് തവണ പ്രതിനിധീകരിച്ച മണ്ഡലത്തെ വിട്ട് മദ്ധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അടല്‍ ബിഹാരി വാജ്പേയി പ്രതിനിധീകരിച്ചിരുന്ന ലക്നോ മണ്ഡലത്തില്‍ നിന്ന്‍ നാല് സെറ്റ് പത്രികയാണ് രാജ്നാഥ് സിങ്ങ് സമര്‍പ്പിച്ചത്. നിലവിലെ എം.പിയും പാര്‍ട്ടിയുടെ ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന നേതാവുമായ ലാല്‍ജി ടണ്ടനാണ് ഒരു പത്രികയില്‍ രാജ്നാഥിന്റെ പേരു നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവിടെ വീണ്ടും മത്സരിക്കാന്‍ ടണ്ടന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഗാസിയാബാദിനെയാണ് രാജ്നാഥ് പ്രതിനിധീകരിക്കുന്നത്.