Skip to main content
ന്യൂഡല്‍ഹി

bjpയു.പി.എ സര്‍ക്കാറിന്റെ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി വെള്ളിയാഴ്ച “കുറ്റപത്രം”  പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി സര്‍ക്കാറായിട്ടായിരിക്കും യു.പി.എ ഓര്‍മ്മിക്കപ്പെടുകയെന്ന്‍ പാര്‍ട്ടി ആരോപിക്കുന്നു. ജനങ്ങളില്‍ നിന്ന്‍ 42,000 പ്രതികരണങ്ങളാണ് കുറ്റപത്രത്തിന് ലഭിച്ചതെന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

പ്രധാനമന്ത്രി പദവിയുടെ അന്തസ്സും സത്യസന്ധതയും ഇടിച്ചുതാഴ്ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മന:പൂര്‍വ്വം സ്ഥിരമായി ശ്രമിച്ചതായി ബി.ജെ.പി കുറ്റപ്പെടുത്തി. ഉത്തരവാദിത്വമില്ലാത്ത അധികാരമാണ് ഇരുവരും ആഗ്രഹിച്ചതെന്നും മന്‍മോഹന്‍ സിങ്ങ് ഒരു കമ്പനിയുടെ സി.ഇ.ഒയെ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ത്തു എന്നതാണ് അടുത്ത പ്രധാന കുറ്റപ്പെടുത്തല്‍. ഇതിനും പ്രധാനമന്ത്രിയെപ്പോലെ തുല്യ ഉത്തരവാദിത്വം സോണിയയ്ക്കും രാഹുലിനുമുണ്ടെന്നും പ്രസാദ് പറഞ്ഞു. തൊഴിലില്ലായ്മ വര്‍ധിച്ചതായും ധനമന്ത്രി പി. ചിദംബരം ഈ വിഷയത്തില്‍ സത്യമല്ല പറയുന്നതെന്നും പ്രസാദ് ആരോപിച്ചു.  

 

കോഴ ഇടപാടുകളും അഴിമതിയും ചേരുന്ന അവസാനമില്ലാത്ത പരമ്പരയാണ് കുറ്റപത്രത്തിന്റെ മറ്റൊരു അധ്യായമെന്ന് പ്രസാദ് പറഞ്ഞു. 10,000 കോടി രൂപയില്‍ അധികം വരുന്ന അഴിമതികളെ മാത്രമേ പ്രധാന അഴിമതികളായി തങ്ങള്‍ കണക്കാക്കിയിട്ടുള്ളൂ എന്നും എന്നിട്ടുപോലും ഒട്ടേറെ അഴിമതികള്‍ ആണുള്ളതെന്നും പ്രസാദ് പറഞ്ഞു. ഈ അഴിമതികളില്‍ ഗൗരവമായ അന്വേഷണത്തിന് കോണ്‍ഗ്രസ് ഒരിക്കലും തയ്യാറായിരുന്നില്ലെന്നും പ്രതിപക്ഷവും മാദ്ധ്യമങ്ങളും ജുഡീഷ്യറിയും ശക്തമല്ലായിരുന്നെങ്കില്‍ ഇതൊന്നും അന്വേഷിക്കപ്പെടില്ലായിരുന്നെന്നും പ്രസാദ് അവകാശപ്പെട്ടു.  

 

ദേശീയ സുരക്ഷ നേരിടുന്ന ഗൗരവകരമായ വെല്ലുവിളികളാണ് മറ്റൊരു പ്രധാന വിഷയം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ചൈന അതിര്‍ത്തി ലംഘനം നടത്തിയ 500-ലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പ്രസാദ്‌ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിനെതിരായ പോരാട്ടം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായി മാറിയെന്നും പ്രസാദ് പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലും പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുന്നതാണ് യു.പി.എ വിദേശനയത്തിന്റെ ഏറ്റവും വലിയ പരാജയമെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.

 

പ്രധാനമന്ത്രി കഴിഞ്ഞ 24 വര്‍ഷമായി പ്രതിനിധീകരിക്കുന്ന പ്രദേശമായിട്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അവികസിതാവസ്ഥയാണ് കുറ്റപത്രത്തിലെ മറ്റൊരു വിഷയം. ഒരൊറ്റ പ്രധാന വ്യവസായം പോലും മേഖലയില്‍ തുടങ്ങിയിട്ടില്ലെന്നും അനധികൃത കുടിയേറ്റം മാത്രമാണ് ഇവിടെ തഴച്ചുവളരുന്ന വ്യവസായമെന്നും പ്രസാദ് ആരോപിച്ചു. വിദ്യാഭ്യാസ-ആരോഗ്യസേവന മേഖലകളിലും യു.പി.എ സര്‍ക്കാര്‍ പരാജയമാണെന്നും ആരോഗ്യമേഖലയ്ക്ക് ബജറ്റില്‍ 20 ശതമാനത്തിലധികം കുറവ് വരുത്തിയതായും പ്രസാദ് ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഇടിച്ചുതാഴ്തിയെന്നും 2009-ല്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാറിന് നടപ്പാക്കാന്‍ ആയില്ലെന്നും കുറ്റപത്രം പറയുന്നു.