ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ രാജിവെച്ചു. രാജിക്കത്ത് പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അയച്ചതായി എംബസി വ്യക്തമാക്കി. യുഎസ് മിഷന്‍ ടൗണ്‍ ഹാള്‍ മീറ്റിംഗില്‍ യുഎസ് സ്ഥാനപതി സ്ഥാനം രാജി വെയ്ക്കുകയാണെന്ന് നാന്‍സി പവല്‍ പ്രഖ്യാപിച്ചതായി യു.എസ് എംബസി വെബ്‌സൈറ്റ് പറയുന്നു. എന്നാല് രാജിയ്ക്കുള്ള കാരണം സംബ്നധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല.
ബി.ജെ.പി. അധികാരത്തിലെത്താന്‍ സാധ്യത നിലനില്‍ക്കെ നരേന്ദ്ര മോഡിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നാന്‍സി പവലിനെ യു.എസ് മാറ്റിയേക്കുമെന്ന് അടുത്തിടെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അവരുടെ രാജി പ്രഖ്യാപനം. 2012 ഏപ്രില്‍ 19-നാണ് ഇന്ത്യയിലെ സ്ഥാനപതിയായി നാന്‍സി പവല്‍ ചുമതലയേറ്റത്. മേയ് അവസാനത്തോടെ പവല്‍ നാട്ടിലേക്ക് മടങ്ങും.
യു.പി.എയുമായി കൂടുതല്‍ അടുത്തബന്ധം പുലര്‍ത്തിയ പവല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ച വൈകിപ്പിച്ചെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 2002-ലെ ഗുജറാത്ത് കലാപത്തിനുശേഷം മോഡിയുമായി കൂടിക്കാണാന്‍ താല്‍പര്യം കാട്ടാതിരുന്ന നാന്‍സി പവല്‍ ഫെബ്രുവരി 13-നാണ് ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചത്.
പാശ്ചാത്യരാജ്യങ്ങള്‍ മോഡിക്കെതിരായ വിസ വിലക്ക് നീക്കിയപ്പോഴും യു.എസ് അതിന് തയ്യാറാകാത്തതിന് പിന്നില്‍ നാന്‍സിയാണെന്ന് ആരോപണമുണ്ടായിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കാന്‍ നാന്‍സി പവലിന് സാധിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്. തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാറുമായി നല്ലബന്ധം പുലര്‍ത്താന്‍ കഴിയുന്ന ഒരാളെയാണ് യു.എസ് പരിഗണിക്കുന്നതെന്നും വാര്‍ത്തയുണ്ടായിരുന്നു.