Skip to main content
മുംബൈ

sharad pawar

 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ ഭ്രാന്താലയത്തില്‍ അടച്ച് ചികിത്സ നല്‍കണം എന്ന് കേന്ദ്രമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ ശരദ് പവാര്‍. എന്‍.സി.പി സ്ഥാനാര്‍ഥി വിജയ് ഭാംബ്ലിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയിലാണ് പവാര്‍ മോഡിക്കെതിരെ വ്യക്തിപരമായ വിമര്‍ശനം നടത്തിയത്. പരാജയം മുമ്പില്‍ കണ്ട് ശരദ് പവാറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും പ്രസ്താവന നിര്‍ഭാഗ്യകരമാണെങ്കിലും പവാറിന്റെ മാനസിക നില പരിഗണിച്ച് അദ്ദേഹത്തിന് മാപ്പ് നല്‍കുന്നു എന്ന് ബി.ജെ.പി തിരിച്ചടിച്ചു.

 

2002-ലെ ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി മോഡിയെ കടന്നാക്രമിച്ച പവാര്‍ മോഡി ഒരിക്കലും കലാപത്തിനിരയായവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയോ അവരെ കുറിച്ച് ഉത്കണ്ഠപ്പെടുകയോ ചെയ്തിട്ടില്ലെന്നും അഹമ്മദാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം ദൂരെയുള്ള കലാപ പ്രദേശം സന്ദര്‍ശിക്കാന്‍ ഒരിക്കലും മോഡി തയ്യാറായില്ലെന്നും അദ്ദേഹത്തിന്റെ ഈ നയം രാജ്യത്തിന് ആപത്താണെന്നുമാണ് പവാര്‍ പറഞ്ഞത്.

 

ഞായറാഴ്ച അമരാവതിയില്‍ നടത്തിയ റാലിയില്‍ നരേന്ദ്ര മോഡി ശരദ് പവാറിനെതിരെ നടത്തിയ പരാമര്‍ശമാണ് പവാറിനെ ചൊടിപ്പിച്ചത്. കേന്ദ്ര കൃഷി മന്ത്രിയായ ശരദ് പവാറിന് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാന്‍ സമയമുണ്ട്. എന്നാല്‍ അദ്ദേഹം കൃഷിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. ഇതിനെത്തുടര്‍ന്നാണ് മോഡിക്കെതിരെ വിമര്‍ശനവുമായി പവാര്‍ രംഗത്ത് വന്നത്.