ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ജെ.ഡി.യു എം.പി സാബിര്‍ അലിയുടെ അംഗത്വം ബി.ജെ.പി റദ്ദാക്കി. സാബിര്‍ അലിക്ക് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി യാസിന്‍ ഭട്കലുമായി ബന്ധമുണ്ടെന്ന് ബി.ജെ.പിയുടെ തന്നെ മുതിര്‍ന്ന നേതാവായ മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചതോടെയാണ് അലിയുടെ ബി.ജെ.പി അംഗത്വം വിവാദമായത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി.
ആരോപണം തെറ്റാണെന്ന് തെളിയുംവരെ അംഗത്വം തടഞ്ഞുവയ്ക്കാമെന്ന് സാബിര്‍ അലി ബി.ജെ.പി ബീഹാര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അംഗത്വം റദ്ദാക്കാനായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. ഭട്കലിന്റെ സുഹൃത്ത് പാര്‍ട്ടിയില്‍ അംഗമായി. അടുത്തത് ദാവൂദ് ഇബ്രാഹിമിനും അംഗത്വം എന്ന മുക്താര്‍ അബ്ബാസ് നഖ്‌വിയുടെ ട്വീറ്റ് വന്ന് മണിക്കൂറിനുള്ളില്‍ രാജ്യം മുഴുവന്‍ വിഷയം ചര്‍ച്ചയാവുകയായിരുന്നു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍റെ വിശ്വസ്തനായിരുന്ന അലിയെ ടി.വി അഭിമുഖത്തില്‍ നരേന്ദ്ര മോഡിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ പേരിലാണ് ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കിയത്. ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ച അലി പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. നൂറു കണക്കിനു പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു അലി ബി.ജെ.പി ആസ്ഥാനത്തു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ശ്രീരാമസേന വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പ്രമോദ് മുത്തലിക്കിന്റെ അംഗത്വം ബി.ജെ.പി റദ്ദാക്കിയിരുന്നു.