ഇന്ത്യന്‍ വ്യോമസേനയുടെ യാത്രാവിമാനം സി-130ജെ സൂപ്പര്‍ ഹെര്‍കുലീസ് വെള്ളിയാഴ്ച കാലത്ത് ഗ്വാളിയോര്‍ വ്യോമത്താവളത്തിന് സമീപം തകര്‍ന്നുവീണു. വിമാനത്തില്‍ ഉണ്ടായിരുന്ന അഞ്ച് പേരും കൊല്ലപ്പെട്ടതായി കരുതുന്നു. ഗ്വാളിയോറിന് 115 കിലോമീറ്റര്‍ പടിഞ്ഞാറ് രാജസ്താനിലെ കരൌളി ജില്ലയിലാണ് വിമാനം തകര്‍ന്നുവീണത്.
എന്നാല്‍, വിമാനത്തില്‍ ഉണ്ടായിരുന്നവരെ കുറിച്ച് വ്യോമസേന ഔദ്യോഗികമായി ഇതുവരെ വിവരമൊന്നും പുറത്ത് വിട്ടിട്ടില്ല. ആഗ്രയില്‍ നിന്ന്‍ കാലത്ത് പത്ത് മണിക്ക് ആരംഭിച്ച പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടമെന്ന്‍ സേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും സേന അറിയിച്ചു.
നാല് എഞ്ചിനുകളുള്ള യു.എസ് നിര്‍മ്മിത വിമാനം 2011 ഫെബ്രുവരിയിലാണ് വ്യോമസേന വാങ്ങിയത്. നിലവില്‍ ഇത്തരം ആറു വിമാനങ്ങളാണ് സേനയുടെ പക്കലുള്ളത്. ആറെണ്ണം കൂടി വാങ്ങാന്‍ കരാറുണ്ട്. ഏറ്റവും മികച്ച സുരക്ഷാ റെക്കോഡ് ഉള്ള വിമാനമായാണ് സി-130ജെ കരുതപ്പെടുന്നത്. ഉത്തരഖണ്ഡ് വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിച്ചത് ഈ വിമാനമാണ്. കുറഞ്ഞ വെളിച്ചത്തിലും ചെറിയ എയര്‍സ്ട്രിപ്പുകളിലും ഇറങ്ങാന്‍ കഴിയുന്നതാണ് വിമാനം.

